കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലുള്ളവരേയും ചോദ്യം ചെയ്യാന്‍ തീരുമാനം. പള്‍സര്‍ സുനിയുടെ ഫോണ്‍വിളിയുടെ അടിസ്ഥാനത്തിലാണ് സിനിമാക്കാരേയും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.

സുനിക്ക് ആരെങ്കിലും ക്വട്ടേഷന്‍ നല്‍കിയത് ആണോ എന്ന് പരിശോധിക്കും. സംഭവ ദിവസം സുനിയുടെ ഫോണിലേക്ക് ചില സിനിമാക്കാര്‍ വിളിച്ചതായി ഫോണ്‍രേഖകളില്‍ വ്യക്തമായിട്ടുണ്ട്. സുനിക്ക് വന്ന ഫോണ്‍ കോളുകള്‍ സംശയാസ്പദമാണെന്ന് പൊലീസ് പറയുന്നു.

കേസിലെ പ്രതികള്‍ അതിനു മുന്‍പ് ഒരു ദിവസവും നടിയെ പിന്‍തുടര്‍ന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അന്ന് അപ്രതീക്ഷിതമായി മറ്റൊരാള്‍ നടിയുടെ കാറിലുണ്ടായിരുന്നതാണു പ്രതികളുടെ നീക്കം പാളാന്‍ കാരണമെന്ന് പൊലീസ് പറയു്‌നനു.

ഏറെക്കാലമായി മലയാള സിനിമകളില്‍ അവസരം ലഭിക്കാതിരുന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ആക്രമണത്തിന്റെ രീതി അവരെ മാനസികമായി തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് സംശയിക്കുന്നു.


Dont Miss നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ജാമ്യവക്കാലത്ത് ഒപ്പിട്ടത് വീട്ടിലെത്തി


സിനിമാ മേഖലയില്‍ നടിയോടു തൊഴില്‍പരമായും വ്യക്തിപരമായും വിദ്വേഷമുള്ളവരെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. ആക്രമണത്തന്റെ ആഘാതം മാറിയിട്ടു മാത്രം ഇനി നടിയുടെ മൊഴി രേഖപ്പെടുത്തിയാല്‍ മതിയെന്നാണ് പൊലീസ് തീരുമാനം.

ഷൂട്ടിങ് ലൊക്കേഷനില്‍ സ്ഥിരമായി സന്ദര്‍ശിച്ചിരുന്നവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നു. അക്രമം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ആദ്യ ദിവസംതന്നെ പൊലീസ് നിഗമനത്തിലെത്തിയിരുന്നു. വ്യക്തമായ ഗൂഢാലോചനയും തയാറെടുപ്പും നടത്തിയിട്ടുണ്ട്. അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്തു പണം വാങ്ങുക മാത്രമാണു പ്രതികളുടെ ഉദ്ദേശ്യമെങ്കില്‍ ദീര്‍ഘനേരം ഉപദ്രവിക്കില്ലായിരുന്നു എന്നാണു പൊലീസ് അനുമാനിക്കുന്നത്.

ആ സാഹചര്യത്തില്‍ എത്രയും വേഗം ചിത്രങ്ങള്‍ പകര്‍ത്താനേ പ്രതികള്‍ ശ്രമിക്കുകയുള്ളൂ. സംഭവ സമയത്തു പ്രതികള്‍ തമ്മിലുള്ള സംസാരം, ഫോണിലൂടെയുള്ള വിവരം കൈമാറല്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രകാരം, അക്രമം പ്രതികാര നടപടിയുടെ ഭാഗമാണെന്നാണു പൊലീസ് വിലയിരുത്തല്‍.