എഡിറ്റര്‍
എഡിറ്റര്‍
സംഘപരിവാര്‍ ഭീഷണി: ടി.എന്‍ പ്രതാപന് പോലീസ് സുരക്ഷ
എഡിറ്റര്‍
Tuesday 5th January 2016 8:00am

pratapanതൃശൂര്‍: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ടിഎന്‍. പ്രതാപന്‍ എം.എല്‍.എക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. സംഘപരിവാര്‍ സംഘടനകളെ കടന്നാക്രമിക്കുന്നത് തുടര്‍ന്നാല്‍ ശാരീരിക ആക്രമണം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് കഴിഞ്ഞദിവസം ടി.എന്‍ പ്രതാപന്‍ എം.എല്‍.എയ്ക്ക് കത്തു ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തിനു പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്.

‘ആര്‍.എസ്.എസ്‌സംഘപരിവാര്‍ സംഘടനകള്‍, കൊടുങ്ങല്ലൂര്‍ മേഖല’ എന്ന പേരിലാണ് തപാലില്‍ കത്തെത്തിയത്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കേസ് പിന്‍വലിക്കണമെന്നാണ് കത്തില്‍ പ്രധാന ആവശ്യം. ബി.ജെ.പിക്കെതിരായ വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും കത്തില്‍ മുന്നറിയിപ്പു നല്‍കുന്നു.

തപാല്‍ മുദ്രപ്രകാരം കൊടുങ്ങല്ലൂരില്‍നിന്നാണ് കത്തയച്ചിരിക്കുന്നത്. ‘കുറച്ചുകാലമായി സംഘപരിവാറിനെതിരെ പ്രസംഗിക്കുന്ന താങ്കള്‍ ഇപ്പോള്‍ സംഘ് പ്രസ്ഥാനങ്ങളെ ക്ഷേത്രങ്ങളില്‍നിന്ന് ഒഴിവാക്കണമെന്ന് പറയുന്നതായി അറിഞ്ഞു’ എന്നു പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. അതീവ ഗൗരവത്തോടെയാണ് ഞങ്ങള്‍ ഇക്കാര്യം കാണുന്നത്. ആര്‍.എസ്.എസ്, സംഘ് ശക്തികളെ എതിര്‍ത്താല്‍ ഉണ്ടാവുന്ന ഭവിഷ്യത്ത് തനിക്ക് മനസ്സിലായിട്ടുണ്ടാവും. വാക്കിലല്ല പ്രവൃത്തിയിലാണ് മറുപടിയുണ്ടാവുക. അനുഭവിച്ചായിരിക്കും അറിയുക. കൊടുങ്ങല്ലൂരിലെ തീരമേഖലയില്‍ അത് അനുഭവിച്ച നിരവധി പേരുണ്ടെന്ന് അറിയാമല്ലോ. ഈ കത്തില്‍ അത് വിശദീകരിക്കേണ്ടതില്ലെന്ന് കരുതുന്നു’  കത്തില്‍ പറയുന്നു.

‘ക്ഷമക്ക് അതിരുണ്ട്. ക്ഷേത്രങ്ങളില്‍നിന്ന് ഞങ്ങളെ ഇറക്കി വിടാനുള്ള ശ്രമം അപകടകരമാണ്. അത് നടക്കില്ല. ശ്രമിച്ചാല്‍ തക്ക ഫലം കിട്ടും. പറഞ്ഞത് പാലിച്ചില്ലെങ്കില്‍ ശാരീരികമായി നേരിടേണ്ടി വരും. ഇതൊരു മുന്നറിയിപ്പാണ്. തിരിച്ചറിഞ്ഞില്ലെങ്കില്‍ പിന്നില്‍ വരുന്നുണ്ട് അനുഭവം. തിരുത്തിയില്ലെങ്കില്‍ തിരുത്തിക്കും. പൊലീസിന് കത്ത് കൈമാറിയാല്‍ അവര്‍ക്ക് ഒരു ചുക്കും ചെയ്യാനാവില്ല. അത് അതിനെക്കാള്‍ വലിയ ഭവിഷ്യത്താവുമെന്നും കരുതിയിരിക്കുക’ എന്നും ഭീഷണിയുണ്ട്.

തിങ്കളാഴ്ച ഉച്ചക്ക് തളിക്കുളത്ത് വീട്ടില്‍ എത്തിയപ്പോഴാണ് കത്ത് കണ്ടത്. തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റിനെയും ആഭ്യന്തര മന്ത്രിയെയും പ്രതാപന്‍ വിവരമറിയിച്ചു. അവരുടെ നിര്‍ദേശപ്രകാരം എ.ഡി.ജി.പി എ. ഹേമചന്ദ്രനെയും വിവരം ധരിപ്പിച്ചു.

തൃശൂര്‍ റൂറല്‍ എസ്.പി കെ. കാര്‍ത്തിക്, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി പി.എ വര്‍ഗീസ് വല്ലപ്പാട്, സി.ഐ രതീഷ് എന്നിവര്‍ പ്രതാപന്റെ വീട്ടിലെത്തി മൊഴിയെടുത്തു. തുടര്‍ന്നാണ് പ്രതാപന് പോലീസ് സംരക്ഷണം നല്‍കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയത്.

Advertisement