തിരുവനന്തപുരം: ബഹുരാഷ്ട്ര മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ ആംവെയുടെ കേരളത്തിലെ എല്ലാ ഓഫീസുകളും അടച്ച് പൂട്ടി. ആംവെയുടെ കേരളത്തിലെ പ്രധാന ഓഫീസുകളില്‍ നടത്തിയ റെയഡില്‍ നിയമവിരുദ്ധമായി മണിച്ചെയിന്‍ മാതൃകയിലാണ് ആംവേ പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് പോലീസ് കര്‍ശന നടപടി സ്വീകരിച്ചത്. കമ്പനിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ച പോലീസ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഓഫീസുകള്‍ തുറക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആംവെയ്‌ക്കെതിരെ വിവിധ ജില്ലകളില്‍ നിന്നും ലഭിച്ച പരാതികളെ തുടര്‍ന്നാണ് കമ്പനിയുടെ കേരളത്തിലെ പ്രധാന ഓഫീസുകളില്‍ രാവിലെ മുതല്‍ ഒരേസമയം പോലീസ് റെയ്ഡ് നടത്തിയത്.

മള്‍ട്ടിലെവര്‍ മാര്‍ക്കറ്റിംഗിലെ നിയമങ്ങള്‍ക്കു വിരുദ്ധമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഉല്പന്നങ്ങള്‍ക്ക് അന്യായമായി വില ഈടാക്കുന്നവുന്നും തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ആംവെയുടെ തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, കൊച്ചി, കോട്ടയം,കൊല്ലം തുടങ്ങി എട്ട് ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ നിരവധി രേഖകളും ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.