കോഴിക്കോട്: ഗെയില്‍ സമരം സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള നിര്‍ദ്ദേശം സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നതു വരെ സമരത്തിനെതിരെ നടപടി തുടരുമെന്ന് പോലീസ് വൃത്തങ്ങള്‍. ഗെയില്‍ സമരത്തിനെതിരായ നടപടി തുടരാനാണ് പോലീസ് ഉന്നതതല യോഗത്തില്‍ തീരുമാനമായത്.

പദ്ധതിക്ക് സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ പോലീസിനെ മറ്റ് ജില്ലകളില്‍ നിന്നും വിന്യസിക്കാനും യോഗം തീരുമാനിച്ചു.

അതേസമയം ഗെയിലിന്റെ പൈപ്പിടല്‍ ജോലികള്‍ പുനരാരംഭിച്ചു. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള കനത്ത സുരക്ഷയിലാണ് ജോലികള്‍ പുരോഗമിക്കുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കിത്തുടങ്ങിയിട്ടുണ്ട്.

ജനകീയ സമരത്തെ പൊലീസ് അടിച്ചമര്‍ത്തുന്നതിനെതിരെ സമരക്കാര്‍ ഹര്‍ത്താല്‍ ആചരിക്കുന്നതിനിടെയാണ് പൊലീസ് സംരക്ഷണത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുനരാരംഭിച്ചത്. സ്ഥലത്ത് പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് വേണ്ട കുഴികള്‍ ജെ.സി.ബി ഉപയോഗിച്ച് എടുത്തുവരികയാണ്.

ഉച്ചയ്ക്ക് 1.30 ഓടെ കനത്ത പൊലീസ് സംരക്ഷണയിലാണ് നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ സ്ഥലത്തെത്തിച്ചത്. ഹര്‍ത്താലോടനുബന്ധിച്ച് സമരസമിതി പ്രവര്‍ത്തകര്‍ റോഡുകളില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചതിനെ തുടര്‍ന്ന് രാവിലെ മുക്കം സംസ്ഥാന പാതയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരുന്നു.

ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് ഇതെല്ലാം നീക്കിയ ശേഷമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയത്. ഇന്നലെ നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് ക്രൂരമായ ലാത്തിച്ചാര്‍ജ്ജാണ് നടത്തിയിരുന്നത്. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പൊലീസ് സ്റ്റേഷനുപരോധത്തിനു നേരെയും പൊലീസ് ലാത്തിവീശിയിരുന്നു.

പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് മൂന്ന് പഞ്ചായത്തുകളില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പലയിടത്തും അക്രമാസക്തമായിരുന്നു. സമരം അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പൊലീസുകാര്‍ ആളുകളെ വീട്ടില്‍ കയറി അറസ്റ്റു ചെയ്യുന്നുണ്ട്.