തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ മൂന്ന് അഭിഭാഷകര്‍ക്കും നാല് പോലീസുകാര്‍ക്കും പരിക്കേറ്റു.

വാഹന പരിശോധനക്കിടെ വിനു എന്ന യുവ അഭിഭാഷകനെ അകാരണമായി മര്‍ദ്ദിച്ചുവെന്നാരോപിച്ച് അഭിഭാഷകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. അതിനിടെ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ ഡി ജി പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാവിലെ കോടതി ബഹിഷ്‌കരിച്ച് മാര്‍ച്ച് നടത്തിയ അഭിഭാഷകരെ പോലീസ് തടയുകയായിരുന്നു. അഭിഭാഷകരുടെ ഭാഗത്ത് നിന്ന് അക്രമമുണ്ടായെന്ന് ആരോപിച്ച് പോലീസ് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു. അഭിഭാകരുടെ ഭാഗത്ത് നിന്ന് കല്ലേറുണ്ടായതായും പരാതിയുണ്ട്.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ നാഗരാജുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍ കോടതിക്കുള്ളിലേക്ക് കയറി അഭിഭാഷകരെ തിരഞ്ഞുപിടിച്ചു മര്‍ദിക്കുകയായിരുന്നു. ഇതിനിടയിലാണ് നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.