കുമളി: കുമളി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മാര്‍ച്ച് നടത്തിയ തമിഴ് പ്രതിഷേധക്കാര്‍ക്കു നേരെ കമ്പത്തിനടുത്തുവെച്ച് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. കമ്പംമേട് ചെക്ക് പോസ്റ്റിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സുരക്ഷാവലയം ഭേദിച്ച് മുന്നേറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്കു നേരെ തമിഴ്‌നാട് പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.

കമ്പംമേട് ചെക്ക്‌പോസ്റ്റില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയുള്ള അടിവാരത്താണ് 8,000ത്തോളം വരുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് തമിഴ്‌നാട് പോലീസ് തടഞ്ഞതോടെ പോലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. ഇതേതുടര്‍ന്നാണ് പോലീസ് ലാത്തിചാര്‍ജ്ജ് നടത്തിയത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കാന്‍ ഇടുക്കി ദേവികുളം കലക്ടര്‍ ഉത്തരവിട്ടു. ഏത് സാഹചര്യവും നേരിടാന്‍ പോലീസ് സുസജ്ജരാണെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ, തമിഴ്‌നാട് ഹൈക്കോടതിയിലെ അഭിഭാഷകര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കോലം കത്തിച്ചു. കോടതി നടപടികള്‍ ബഹിഷ്‌കരിച്ച് അഭിഭാഷകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു.

Malayalam news

Kerala news in english