കൊല്ലം:പാരിപ്പള്ളിയില്‍ പോലീസുകാരന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. സംഭവം നടക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന എ.എസ്.ഐ ജോയിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ രേഖാചിത്രമാണ് പോലീസ് പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം രാത്രി നടന്ന വാഹനപരിശോധനയ്ക്കിടെയാണ് പാരിപ്പള്ളി സ്‌റ്റേഷനിലെ പോലീസുകാരനായ കൊട്ടറ സ്വദേശി മണിയന്‍പിള്ള കുത്തേറ്റ് മരിക്കുന്നത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എസ്.ഐ ചെങ്കളം സ്വദേശി ജോയിക്ക് കുത്തേല്‍ക്കുകയും ചെയ്തിരുന്നു.

മോഷണസംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. വേളമാനൂരിലെ പരിശോധന കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ്  സംശയാസ്പദമായ സാഹചര്യത്തില്‍ കുളമട ജഗ്ഷനില്‍ മാരുതി വാന്‍ നിര്‍ത്തിയിട്ടിരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ രേഖകളില്ലെന്ന് കണ്ടെത്തുകയും ചെയ്തു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എ.എസ്.ഐ ജോയി ഇവരെ കസ്റ്റഡിയിലെടുക്കാനും ശ്രമിച്ചു. എന്നാല്‍ വാനില്‍ നിന്നിറക്കി ജീപ്പിലേക്ക് കയറ്റുന്നതിനിടെ അക്രമാസക്തരായ സംഘം എ.എസ്.ഐയെ കുത്തി. ഇത് തടയാനെത്തിയ മണിയന്‍ പിള്ളേയേയും കുത്തിവീഴ്ത്തി പ്രതികള്‍ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു.

പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചെന്നും ഉടന്‍ തന്നെ അവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും പോലീസ് അറിയിച്ചു.