എഡിറ്റര്‍
എഡിറ്റര്‍
അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് മണിക്ക് നോട്ടീസ്
എഡിറ്റര്‍
Saturday 2nd June 2012 10:05am

തൊടുപുഴ: സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് കാണിച്ച് പാര്‍ട്ടി നോട്ടീസ്. ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലാണ് നോട്ടീസ് പതിച്ചത്. ജൂണ്‍ ആറിന തൊടുപുഴ ഡി.വൈ.എസ്.പി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെടുന്നതാണ് നോട്ടീസ്.

നോട്ടീസുമായി രാവിലെ 7.30 ന് പോലീസ് ഓഫീസിലെത്തി. മണി വീട്ടിലുണ്ടെന്ന് പറഞ്ഞ് ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് പോലീസ് ചുമരില്‍ നോട്ടീസ് പതിച്ചത്. ഇന്നലെ വീടിന് മുന്നിലും പോലീസ് നോട്ടീസ് പതിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേസംഘത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന എറണാകുളം റേഞ്ച് ഐജി കെ. പത്മകുമാര്‍ ആണു നോട്ടിസ് അയച്ചത്.

ഓഫീസിന് മുന്നില്‍ പതിച്ച നോട്ടീസ് പിന്നീട് പ്രവര്‍ത്തകര്‍ വലിച്ചുകീറി. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് പൊതുവേദിയില്‍ മണി പ്രത്യക്ഷപ്പെടാതിരിക്കുന്നത്. മണിയുടെയും ഡ്രൈവറുടെയും മൊബൈല്‍ഫോണ്‍ അഞ്ചാംദിവസവും സ്വിച്ചോഫാണ്.

രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണു മണിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കേസില്‍ മണിയെ കൂടാതെ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത മറ്റു നാലുപേരെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും. ജില്ലയിലെ സി.പി.ഐ.എം എംഎല്‍എ, മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നിവരെയാണു ചോദ്യം ചെയ്യുകയെന്ന് അറിയുന്നു. ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘം തയാറായില്ല.

ബേബി അഞ്ചേരി, മുട്ടുകാട് നാണപ്പന്‍, മുള്ളന്‍ചിറ മത്തായി എന്നിവരുടെ കൊലപാതങ്ങളുമായി ബന്ധപ്പെട്ടു 11 സാക്ഷികളില്‍ നിന്നാണു പ്രത്യേക അന്വേഷണ സംഘം മൊഴി എടുത്തത്. ബേബി അഞ്ചേരി വധക്കേസില്‍ രണ്ടാം പ്രതിയും കൊലപാതകം നടക്കുമ്പോള്‍ സി.പി.ഐ.എം ഉടുമ്പഞ്ചോല ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പി.എന്‍. മോഹന്‍ദാസ്, നാലാം പ്രതി ഉടുമ്പഞ്ചോല ലോക്കല്‍ കമ്മിറ്റി അംഗം എന്‍. ലക്ഷ്മണന്‍ എന്നിവരെ ഡി.വൈ.എസ്.പി എ.യു. സുനില്‍കുമാര്‍, സി.ഐമാരായ അഗസ്റ്റിന്‍ മാത്യു, വിശാല്‍ ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു.

ലക്ഷ്മണനെ വല്ലറയ്ക്കന്‍പാറയിലെ വീട്ടില്‍ ഇന്നലെ വെളുപ്പിനെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. പനി ബാധിച്ച് അവശനിലയിലായ ഇയാള്‍ ഏതാനും ദിവസങ്ങളായി കിടപ്പിലാണ്. മോഹന്‍ദാസിനെ നെടുങ്കണ്ടം ടിബിയില്‍ എത്തിച്ചാണു രണ്ടര മണിക്കൂറോളം  ചോദ്യം ചെയ്തത്.  ഇപ്പോള്‍ ബി.എം.എസ് നേതാവാണ് മോഹന്‍ദാസ്. മുള്ളന്‍ചിറ മത്തായിയുടെ കൊലപാതവുമായി ബന്ധപ്പെട്ടും ഇവരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

Advertisement