എഡിറ്റര്‍
എഡിറ്റര്‍
ബീഹാര്‍ സ്വദേശി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു
എഡിറ്റര്‍
Sunday 5th August 2012 11:30am

തിരുവനന്തപുരം: ബിഹാര്‍ ഗയ സ്വദേശി സത്‌നാം സിങ്മാനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. പേരൂര്‍ക്കട പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് എ.ഡി.എം ആശുപത്രി സൂപ്രണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.

Ads By Google

ഇന്നലെ രാത്രി എട്ടരയോടെയാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന സത്‌നാം സിങ്മാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സത്‌നാംങ്ങും മറ്റ് രോഗികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനായുള്ള നടപടി തുടങ്ങി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സുനില്‍ പറഞ്ഞു.

ജൂലൈ എട്ടിനാണ് സത്‌നാം വള്ളിക്കാവ് ആശ്രമത്തില്‍ എത്തിയത്. ആശ്രമത്തില്‍വെച്ച് ബുധനാഴ്ചയാണ് മാതാഅമൃതാനന്ദമയിയെ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. അമൃതാനന്ദമയിയുടെ അടുത്തേക്ക് വേദിയില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെ നിന്ന് ബിസ്മില്ലാഹി റഹിമാനി റഹിം എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് ഇയാള്‍ ഓടിയടുക്കുകയായിരുന്നു. പോലീസുകാര്‍ ഇയാളെ കീഴ്‌പ്പെടുത്തി.

വധശ്രമത്തിന് കേസെടുത്തതിനെ തുടര്‍ന്ന് കോടതി ഇയാളെ റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു. മാനസിക വിഭ്രാന്തി കാട്ടിയ ഇയാള്‍ ജില്ലാ ജയിലില്‍ ഒപ്പമുള്ള പ്രതികളെ ആക്രമിക്കാന്‍ തുടങ്ങി. ഇതിനാല്‍ ജയില്‍ അധികൃതര്‍ വ്യാഴാഴ്ച ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കും റഫര്‍ ചെയ്തു.

Advertisement