ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേര്‍സ് താരം ആന്റണ്‍ ഫെര്‍ഡിനാന്റിനെ ചെല്‍സി താരവും ക്യാപ്റ്റനുമായ ജോണ്‍ ടെറി വംശീയമായി അധിഷേപിച്ചു എന്ന ആരോപണം പോലീസ് അന്വേഷിക്കുന്നു. അന്വേഷണകാര്യം മെട്രോപൊളിറ്റന്‍ പോലീസ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ഞായറാഴ്ച മത്സരം വീക്ഷിച്ച കാണികളിലൊരാളൂടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ടെറിക്കെതിരെ അന്വേഷണവുമായി മുന്നോട്ട് പോവുന്നത്.

ഞായറാഴ്ച നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ക്യൂന്‍സ് പാര്‍ക്ക് റെയ്‌ഞ്ചേഴ്‌സുമായുള്ള മത്സരത്തില്‍ 1-0ത്തിന് പരാജയപ്പെട്ടതില്‍ കുപിതനായ ചെല്‍സിയ ക്യാപ്റ്റന്‍ കറുത്ത വര്‍ഗക്കാരനായ എതിര്‍ ടീം ഡിഫണ്ടര്‍ ഫെര്‍ണ്ടിനാന്റിനെ വംശീയമായി അധിക്ഷേപിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിന്റെ വീഡിയോ ഫൂട്ടേജുകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാല്‍ ആരോപണം കഴിഞ്ഞ ദിവസം ടെറി നിരാകരിച്ചിരുന്നു. ‘ആന്റണ്‍ ഫെര്‍ഡിനാന്റിനോട് ഞാന്‍ അങ്ങനെ പറയാനുണ്ടായ സാഹചര്യം മനസിലാക്കാതെയാണ് ആളുകള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. വംശീയ ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ചതിന് ആന്റണ്‍ എന്നെ കുറ്റപ്പെടുത്തുകയാണെന്നാണ് ഞാന്‍ കരുതിയത്. അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ഞാന്‍ ശക്തമായി പ്രതികരിക്കുകയായിരുന്നു.

ഞാനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ജനങ്ങള്‍ ഇക്കാര്യത്തില്‍ എന്നെക്കുറിച്ച് തെറ്റിദ്ധരിച്ചതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്.’ ടെറി പറഞ്ഞു. മഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്യാപ്റ്റനായിരുന്ന റിയോ ഫെര്‍ഡിനന്‍ഡിന്റെ സഹോദരന്‍ കൂടിയാണ് ആന്റണ്‍ ഫെര്‍ഡിനാന്റ്. ബ്രിട്ടീഷ് മാധ്യമങ്ങള്‍ സംഭവത്തിന് വന്‍ വാര്‍ത്താ പ്രാധാന്യമാണ് നല്‍കിയത്. എന്നാല്‍ വിഷയത്തില്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വിഷയത്തിലിത് വരെ പ്രതികരിച്ചിട്ടില്ല.