കുണ്ടറ: കുണ്ടറയില്‍ 14-കാരന്‍ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് വിക്ടറിന്റെ മകന്‍ ഷിബുവിനെ പോലീസ് ചോദ്യം ചെയ്തു. കുണ്ടറയിലെ 10 വയസുകാരിയുടെ മരണത്തില്‍ പ്രതിയായ വിക്ടര്‍ ഇപ്പോള്‍ ജയിലിലാണ്. ഷിബുവിനോട് ഇന്ന് വീണ്ടും ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Subscribe Us:

2010-ല്‍ വിക്ടറും മകനും ചേര്‍ന്ന് 14-കാരനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. കുട്ടിയുടെ അമ്മയാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്.


Also Read: കുടുംബം ആക്രമിക്കപ്പെടുമെന്ന ഭയം; യു.പിയില്‍ വ്യത്യസ്ത മതത്തില്‍പ്പെട്ട കമിതാക്കള്‍ ആത്മഹത്യ ചെയ്തു


ഇതേ കേസില്‍ കുണ്ടറ മുന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ സാബുവിനേയും ചോദ്യം ചെയ്യും. ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് എസ്.ഐയെ ചോദ്യം ചെയ്യുന്നത്. നേരത്തേ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട് എഫ്.ഐ.ആറിനൊപ്പം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

10 വയസുകാരിയുടെ മരണത്തില്‍ നടത്തിയ അന്വേഷണമാണ് പഴയ കേസുകള്‍ വീണ്ടും ഉയര്‍ന്നു വരാന്‍ കാരണം. ജനുവരി 15 നായിരുന്നു പത്തു വയസ്സുകാരിയെ വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കാലുകള്‍ തറയില്‍ മുട്ടി നില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിലായിരുന്നു കുട്ടി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.