തിരുവനന്തപുരം: മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തില്‍  ചലച്ചിത്രോത്സവ വേദികളിലെ പൊലീസ് സാന്നിധ്യം ചലച്ചിത്ര പ്രേമികളെ അലോസരപ്പെടുത്തുന്നു. വന്‍ അക്രമ സമരങ്ങളെ നേരിടാന്‍ വേണ്ടത്രയും പൊലീസ് സന്നാഹമാണ് ഓരോ തിയേറ്ററിലും. തിയേറ്റര്‍ പരിസരത്തും തിയേറ്ററിന് മുന്നിലുമുള്ളതിനെക്കാള്‍ പോലീസുകാര്‍ തിയേറ്ററുകള്‍ക്കുള്ളിലാണെന്നതും ശ്രദ്ധേയമാണ്. എന്തിനാണ് ഇത്രയും പൊലീസ് സന്നാഹമെന്ന ചോദ്യത്തിന് അധികൃതര്‍ കൃത്യമായ ഉത്തരം നല്‍കുന്നുമില്ല.

ലാത്തിയും കല്ലേറ് തടയാനുള്ള ഷീല്‍ഡുമൊക്കെയായാണ് പൊലീസുകാരുടെ നില്‍പ്പ്. പൊലീസ് സാന്നിധ്യത്തിനെതിരേ ഡെലിഗേറ്റുകള്‍ പരാതി ഉയര്‍ത്തിയിരുന്നു. ഇതിനിടെ ഇന്നലെ സ്‌ക്രീനിങ് നടന്നപ്പോള്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ തിയേറ്ററിനുള്ളിലും കയറി. രമ്യ തിയേറ്ററില്‍ ഇന്നലെ ഉച്ചയ്ക്ക് 3.15ന് സ്‌ക്രീന്‍ ചെയ്ത ‘ത്രീ’ എന്നി ചിത്രത്തിനിടെ അകത്തു കയറിയ പൊലീസ് സംഘം അഞ്ചു മിനിട്ടോളം വിദേശ ഡെലിഗേറ്റുകള്‍ അടക്കമുള്ള കാണികളുടെ മുഖത്തേക്ക് ടോര്‍ച്ച് അടിച്ചു ശല്യപ്പെടുത്തി.

കാണികള്‍ ബഹളമുണ്ടാക്കിയതോടെ കൈയില്‍ കിട്ടിയ ഒരു യുവാവിനെയും കൊണ്ട് പൊലീസുകാര്‍ പുറത്തേക്കു കടന്നു. താന്‍ ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ലെന്നും എന്തിനാണ് തന്നെ കസ്റ്റഡിയില്‍ എടുക്കുന്നതെന്നും യുവാവ് ചോദിച്ചെങ്കിലും അതൊന്നും കേള്‍ക്കാന്‍ പൊലീസുകാര്‍ തയാറായില്ല. തിയേറ്ററില്‍ കയറാനുള്ള തിരക്കിനിടെ ഒഫിഷ്യല്‍സിനെ മര്‍ദിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ് സംഘം. ഇവര്‍ക്കു വഴികാട്ടികളായി ഒരു സംഘം ചലച്ചിത്ര അക്കാദമി ജീവനക്കാരുമുണ്ടായിരുന്നു.

യുവാവിനെയും കൊണ്ട് പുറത്തിറങ്ങിയപ്പോള്‍ പൊലീസിന് അബദ്ധം മ്യൂസിലായി. ആളുമാറിപ്പോയെന്നു ബോധ്യമായപ്പോള്‍ തടിതപ്പാനായി പിന്നെ പൊലീസിന്റെ ശ്രമം. പരാതി കൊടുത്ത യുവാവിനു നേരെയായി പൊലീസുകാരുടെ ആക്രോശം. സ്‌ക്രീനിങ് നടക്കുമ്പോള്‍ തിയേറ്ററിനകത്തു കയറി അതിക്രമം കാണിച്ച പൊലീസിന്റെയും അതിനു കൂട്ടുനിന്ന ചലച്ചിത്ര അക്കാദമിയുടെയും നടപടിക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

സിനിമകള്‍ക്കുള്ള റിസര്‍വേഷന്‍ സമ്പ്രദായത്തിനെതിരേയും പാരിതകളുണ്ട്. ബാല്‍ക്കണി സീറ്റുകളാണ് റിസര്‍വേഷനുകളായി മാറ്റിവച്ചിട്ടുള്ളത്. സിനിമ തുടങ്ങുന്നതിനു അഞ്ചു മിനുട്ടു വരെയും റിസര്‍വേഷന്‍ സീറ്റുകളില്‍ ആളെത്തിയില്ലെങ്കില്‍ മാത്രം മറ്റുള്ളവരെ അകത്തേക്കു കടത്തിവിടും. എന്നാല്‍ ഇത്തവണ ഹൗസ് ഫുളായ സിനിമകള്‍ വളരെ കുറച്ചുമാത്രമാണ്. റിസര്‍വേഷന്റെ പേരില്‍ ആസ്വാദകരെ കടത്തിവിടാത്ത പല സിനിമകള്‍ക്കും ബാല്‍ക്കണി ഏറെക്കുറെ ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ഇന്നലെ രമ്യയിലും ഇതുതന്നെയായിരുന്നു അവസ്ഥ. ചലച്ചിത്ര അക്കാദമി പ്രവര്‍ത്തകര്‍ക്കും ഗസ്റ്റുകള്‍ക്കും എന്ന പേരില്‍ 50 സീറ്റുകളാണ് ഇവിടെ ഒഴിച്ചിട്ടിരുന്നത്. ഈ സീറ്റുകളിലേക്ക് ഡെലിഗേറ്റുകളെ പ്രവേശിപ്പിക്കാത്തതാണ് ഇന്നലെ തര്‍ക്കത്തിനിടയാക്കിയത്. ഇതിനിടെയായിരുന്നു രണ്ടു ഡെലിഗേറ്റുകള്‍ ഒഫിഷ്യല്‍സുമായി ഉന്തും തള്ളുമുണ്ടായത്. സിനിമയ്ക്കു ആളു കയറിയില്ലെങ്കിലും പ്രശ്‌നമില്ല അക്കാദമിക്കു വേണ്ടി മാറ്റിവച്ച സീറ്റുകളില്‍ മറ്റാരെയും കടത്തിവിടേണ്ടെന്നാണ് അധികൃതരുടെ നിലപാട്.

Malayalam news, Kerala news in English