കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലുള്ളവര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍. കേസില്‍ ഉന്നത ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഒരുമാസത്തെ ഗൂഢാലോചനയ്ക്കുശേഷമാണ് നടിയ്ക്കുനേരെ ആക്രമണം നടന്നതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഡ്രൈവര്‍ സുനിയാണ് പ്രധാന പ്രതിയെന്നാണ് സംശയിക്കുന്നത്. ഇയാളെ പിടികൂടിയാലേ ആക്രമണത്തിന്റെ കാരണം സംബന്ധിച്ചു വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്. സുനിയുടെ സിനിമാ ബന്ധങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് ദിനേന്ദ്ര കശ്യപ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. തമ്മനം സ്വദേശികളും ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളുമായ പ്രദീപ്, സലിം എന്നിവരാണ് ഏറ്റവുമൊടുവിലായി അറസ്റ്റിലായത്. സുനി വിളിച്ചതുകൊണ്ടാണ് വന്നതെന്നും ഇതിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നുമാണ് ഇവര്‍ പറഞ്ഞത്.

എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപ്, മധ്യമേഖലാ ഐ.ജി പി.വിജയന്‍, ഏറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ്, കൊച്ചി എ.സി.പി യതീഷ് ചന്ദ്ര, ആലുവ ഡി.വൈ.എസ്.പി കെ.ജി ബാബുകുമാര്‍, കൊച്ചി സിറ്റി ഇന്‍ഫോപാര്‍ക്ക് വനിതാ സി.ഐ പി.കെ രമണി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.


Must Read: ഡ്രൈവര്‍ സുനി മുമ്പ് മറ്റൊരു നടിയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു: അന്ന് പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ല: വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് സുരേഷ് കുമാര്‍


അതേസമയം സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ ലളിത കുമാരമംഗലം വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ സിനിമാ സംഘടനകള്‍ പ്രതികരിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. അമ്മയുള്‍പ്പെടെയുള്ള സംഘടനകള്‍ ഏറെ വൈകിയാണ് പ്രതികരണവുമായി രംഗത്തുവന്നത്.

സംഭവത്തില്‍ വ്യക്തതയില്ലാത്തതിനാലാണ് സിനിമാ സംഘടനകള്‍ പ്രതികരിക്കാതിരുന്നതെന്നാണ് നടനും എം.എല്‍.എയുമായ മുകേഷ് പറയുന്നത്.


Also Read: ആണത്തം ആണുങ്ങളോട് കളിക്കെടാ ഇതൊക്കെ തന്നെയാണ് ആ വിഷവിത്തുകള്‍: മേജര്‍ രവിയോട് സനല്‍കുമാര്‍ ശശിധരന്‍


‘പൊലീസിനും ഗവണ്‍മെന്റിനും അറിയാവുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അതിനാല്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന ആശയക്കുഴപ്പം ഉണ്ടായിരിക്കാം. പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതിന്റേയും കൂടെ പശ്ചാത്തലത്തിലാവാം അവര്‍ പ്രതികരിക്കാന്‍ അല്പം കാത്തിരുന്നത്.’ എന്നും മുകേഷ് പറഞ്ഞിരുന്നു.