Categories

പനീനീര്‍ പൂക്കളെ ഭയപ്പെടുന്ന ഭരണകൂടം !


ബൈജു ജോണ്‍

ങ്ങളാരും തീരെ പ്രതീക്ഷിച്ചിരുന്നില്ല പോലീസിന്റെ ഭാഗത്തുനിന്നും ഇതേ രീതിയിലുള്ള ഒരു പ്രതികരണം…

മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റെയും ഷൈനയുടെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയും അമ്മയെയും പോലീസ് നിരന്തരമായി ശല്ല്യം ചെയ്യുന്നവെന്ന വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്നാണ് ആ കുരുന്നുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ധൈര്യം പകരാനും ഞങ്ങളെത്തിയത്.ഫേസ് ബുക്കിലെ ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്ന തീരുമാനമനുസരിച്ച് കൂട്ടുകാര്‍ രാവിലെ തന്നെ എത്തിചേര്‍ന്നു. പലരും  റോസാപൂക്കള്‍ കരുതിയിരുന്നു. മറ്റു ചിലര്‍ സമ്മാനമായി മിഠായി പൊതികളും…

ബൈപ്പാസ് സര്‍ജറി കഴിഞ്ഞ എഴുപത്തൊന്ന് വയസായ ഷൈനയുടെ വൃദ്ധമാതാവ് നഫീസ…നാലിലും പത്തിലും പഠിക്കുന്ന  സവേരയും ആമിയും…ഇവരെ തേടി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പോലീസ് പട സ്‌കുളിലും വിട്ടീലും കയറി ഇറങ്ങുന്നു…

കളികൂട്ടുകാരുടെയും സഹപാഠികളുടെയും വീട്ടില്‍ പോലീസ് മാമന്‍മാര്‍ വിവരങ്ങള്‍ തേടി  എത്തുന്നു…സകൂളില്‍ പോലീസിന്റെ ശല്യം സഹിക്കാനാകാതെ പ്രധാന അധ്യാപികക്ക് കടുത്ത ഭാഷയില്‍ പോലീസുകാരോട് കയര്‍ക്കേണ്ടിവരുന്നു…

സ്‌കുളിലും വീട്ടീലും പിന്തുടരുന്ന കാക്കി ഭീകരതയുടെ ഭയപ്പാടുകള്‍ക്കിയടില്‍ നിന്ന് ഞങ്ങളുടെ സൗഹാര്‍ദ്ദ സന്ദര്‍ശനത്തില്‍ ഒരു ചെറിയ ആശ്വാസം അത്രമാത്രേ കരുതിയുള്ളൂ… പ്രായമായ ഉമ്മയുടെയും കുഞ്ഞുങ്ങളുടെയും മൗലികവകാശങ്ങള്‍ മിഠായി പൊതികൊണ്ടും റോസാപൂക്കള്‍ കൊണ്ടും സംരക്ഷിക്കാന്‍ കഴിയുമെന്ന് വ്യാമോഹമായിരുന്നില്ല…

പക്ഷെ റോസാപുക്കള്‍ തെരുവില്‍ പിച്ചിചീന്തിയെറിയുമെന്നും ഞങ്ങളുടെ കയ്യിലെ മിഠായി പൊതികള്‍ റോഡില്‍ വലിച്ചെറിയുമെന്നും ആരോ കരുതി…അത് കൊണ്ടാണ് പൂക്കളുമായി നടന്നു നീങ്ങിയ സൃഹൃത്തുക്കളെ ആയുധധാരികളോടെന്ന പോലെ പോലീസ് നേരിട്ടത്…

ആരും പോലീസിന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ പതറിയില്ല…കയ്യില്‍ കരുതിയ പുക്കളുടെ ഒരിതള്‍ പോലും കൊഴിയാതെ പുഞ്ചിരിയോടെ തന്നെ പോലിസ് വാഹനത്തില്‍ കയറി…പൂക്കളെയും മിഠായിയെയും ഭയക്കുന്ന ഭരണകൂടമോ എന്ന് ചിന്തിച്ചാല്‍ അത്ഭുത പെടാനില്ല… ഒറ്റപ്പെട്ടുപോയ നിസഹായരായ കുടുംബത്തിന്  ആശ്വസം പകരുന്നത് പോലും ഭരണകൂടം ഭയക്കുന്നു…

ആമിയും സവേരയും ഞങ്ങളുടെ പൂക്കള്‍ക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടാകാം… ചരിത്രത്തിലാദ്യമായി റോസാപൂക്കള്‍ തൊണ്ടി മുതലാക്കി ഭരണകൂടം പകവീട്ടി…വടിവാളും പിക്കാസും തുരുമ്പെടുത്ത ഒരുപാടായുധങ്ങള്‍ക്കൊപ്പം ഞങ്ങളുടെ മിഠായി പൊതികളും സ്ഥാനം പിടിച്ചു…

എന്താണ് എന്നോട് അധികമാരും മിണ്ടാത്തെതെന്ന് നാലാം ക്ലാസില്‍ പഠിക്കുന്ന സവരേക്കറിയ്യില്ല… എന്തിനാണ് അവളുടെ സ്‌കൂള്‍ ബസിനു പിന്നാലെ പോലീസ് മാമ്മന്‍മാര്‍ വരുന്നതെന്നും…അതെ ഇന്നലെ അവിടെയെത്തിയ ഞങ്ങള്‍ക്കും മനസിലായില്ല ഞങ്ങളുടെ റോസാപൂക്കള്‍ എന്തിനാണ് തൊണ്ടിമുതലാക്കിയതെന്ന്…

ഷൈനയുടെ വീട്ടിലേക്ക് യാത്രതിരിക്കാന്‍ തൃപയാറില്‍ എത്തിയ അഡ്വ തുഷാറും , ജോളിയും, സുജയും…ഉമയുമാണ് ആദ്യം യാത്ര തിരിച്ചത്. സായുധരായി നിലയുറപ്പിച്ച പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തു ജീപ്പിനകത്താക്കി. ഞങ്ങളെല്ലാവരും അന്തംവിട്ട് സ്തംഭിച്ചുപോയി ! ആരും മുദ്രാവാക്ക്യം മുഴക്കിയട്ടില്ല, ആരെയും വെല്ലുവിളിച്ചിട്ടില്ല…പിന്നെ എന്തിനാണ് അവരെ പോലീസ് ജീപ്പില്‍ കയറ്റിയത്…
എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കുന്നതിനുമുമ്പേ അവിടെയത്തി യാത്രക്ക് തിരിച്ചവരെ പോലീസ് ഇടിവണ്ടിയിലേക്ക് കയറ്റി….ഓട്ടോയില്‍ യാത്ര തിരിക്കാന്‍ ശ്രമിച്ച  സൂഹൃത്തുക്കളെയും ഇടിവണ്ടിയിലേക്ക് മാറ്റി…

എന്തിനാണ് സാര്‍ ഞങ്ങളെ കൊണ്ടുപോകുന്നത്…..കയില്‍ കരുതിയിരുന്നത് റോസാപൂക്കളായിരുന്നിട്ടുപോലും പോലീസ് മുരണ്ടു… ആരും ഒരു തരത്തിലുള്ള എതിര്‍പ്പിനും മുതിര്‍ന്നില്ല…..സൗഹാര്‍ദ്ദമായ സുഹൃത്തുക്കളുടെ യാത്ര അങ്ങിനെ വഴിയില്‍ മുടങ്ങി.

ജനാധിപത്യ രീതിയിലുള്ള, എറ്റവും ലളിതമായ പ്രതിഷേധങ്ങളോട് പോലും ഉരുക്കുമുഷ്ടി പ്രയോഗിക്കുന്ന ഭരണകൂടം യഥാര്‍ത്ഥത്തില്‍ അതിന്റെ ഫാസിസ്റ്റ് സ്വഭാവം മറയില്ലാതെ പ്രകടിപ്പിക്കുകയായിരുന്നു. വാസ്തവത്തില്‍ മാവോയിസ്റ്റുകള്‍ എന്തു കൊണ്ട് ആയുധമെടുക്കാന്‍ നിര്‍ബന്ധിതതാരുകുന്നു എന്നതിന്റെ വിശദീകരണം കൂടിയായി മാറുകയായിരുന്നു ഈ അറസ്റ്റും പോലീസ് ഭീകരതയും.

ജനങ്ങളെ ഭയപ്പെടുത്തിയും  ഏല്ലാ തരത്തിലും വിധേയപ്പെടുത്തിയും മാത്രം നിലനിര്‍ത്തുന്ന ഒരു വ്യവസ്ഥ എത്രമാത്രം  ജനാധിപത്യ വിരുദ്ധമാണ്. മാവോയിസ്റ്റ് നേതാവായ രൂപേഷിനെ തിരക്കി പെണ്‍കുട്ടികളും പ്രായമായ മാതാവും മാത്രം താമസിക്കുന്ന വീടില്‍ പാതിരാത്രിയും വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കടക്കുക, നാലാം ക്ലാസില്‍ പഠിക്കുന്ന കുരുന്നിനോട് പോലും ഭീഷണിപ്പെടുത്തി സംസാരിക്കുക, ഇവരെ സഹായിക്കുന്ന അയല്‍ക്കാരെയും സുഹൃത്തുക്കളെയും വേട്ടയാടുക, കൊട്ടിഘോഷിക്കുന്ന ജനാധിപത്യത്തില്‍ സംരക്ഷകരെന്നവകാശപെടുന്നവര്‍ ചെയ്തുകൂട്ടുന്നതിതാണ്. എപ്പോഴും ഭയപാടിന്റെ നിഴലിലാണ് ഇവരുടെ ജീവിതം. ഒന്ന് പുറത്തേക്കിറങ്ങണമെങ്കില്‍ പോലീസ് കണ്ണുകളുടെ നിരീക്ഷണത്തിലായിരിക്കും…ഏത് പാതിരാത്രിയിലും പോലീസ് സംഘത്തിന്റെ പരിശോധന പ്രതീക്ഷിച്ചുള്ള ഭയപ്പാടിലായിരിക്കാം…

ഇന്ന് ലോക്കല്‍ പേീലീസാണെങ്കില്‍ നാളെ ഇന്റേണല്‍ സെക്യൂരിറ്റി….അങ്ങിനെ ഇടവേളകളില്ലാത്ത പോലീസ് ഭീകരതയുടെ നാളുകള്‍മാത്രമാണ് ഇവര്‍ക്ക് ഓര്‍ക്കാനുള്ളത്. ചവിട്ടിപ്പൊളിച്ച വാതിലുകളും വലിച്ചുവാരിയിട്ട പുസ്തകങ്ങളും കാണിച്ച് കണ്ണീര്‍ തുടക്കുന്ന ഉമ്മയോട് എന്ത് മറുപടിപറയും. പഠിക്കാനും ഉറങ്ങാനും കഴിയാതെ ഏപ്പോഴും പേടിച്ചിരിക്കുന്ന ഈ കുരുന്നുകളുടെ ഭയചികിതമായ സംശയങ്ങള്‍ക്ക് നാമെന്ത് മറുപടി നല്‍കും. ‘വിഷം വാങ്ങി ചത്തൂകൂടെ തള്ളേയെന്ന് ‘അലമുറയിടുന്ന പോലീസ് ഓഫീസര്‍മാര്‍, തെറിയും അശ്ലീല സംഭാഷണങ്ങളുമായി ഏപ്പോഴും കയറിയിറങ്ങുന്ന ഐ ബി പോലീസുകാര്‍. സാമഹ്യമായ എല്ലാ ഇടപെടലുകളെയും ഇല്ലാതാക്കി ഇവരെ ഒറ്റപ്പെടുത്തുമ്പോള്‍ നാം എന്താണ് ചെയ്യേണ്ടത്.

shiny's-daughter-savera

നിന്റെ അഛനെ കയ്യില്‍ കിട്ടിയാല്‍ കല്ലുകൊണ്ട് അടിച്ചുകൊല്ലുമെന്ന് എട്ട് വയസായ കുരുന്നിനോട് പറയുന്നതാണ് ചോദ്യം ചെയ്യല്‍. അര്‍ദ്ധ രാത്രി മുഴുവന്‍ ഈ കുരുന്നിനെ നാലും മുന്നും പോലീസുകാര്‍ ചോദ്യം ചെയ്യുന്നതാണ് ക്രമസമാധാന പാലനം.
പത്ത് മുപ്പത് വര്‍ഷക്കാലം സര്‍ക്കാര്‍ ജോലിയിലുണ്ടായിരുന്നതിനാല്‍ മാത്രം കൈമുതലായ ലോക പരിചയം കൊണ്ടുമാത്രമാണ് ഈ വൃദ്ധമാതാവ് കടുത്ത പീഡനങ്ങള്‍ക്കിടിയിലും മനക്കരുത്തോടെ ഇപ്പോഴും പിടിച്ചുനില്‍ക്കുന്നത്. ഇവര്‍ക്കൊര കൈതാങ്ങ് നല്‍കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍, വാക്കുകൊണ്ട് പോലും ഇവരെ പിന്തുണച്ചാല്‍ അവരെയും ഈ കാക്കിഭീകരത വേട്ടയാടും…അതുകൊണ്ടിവര്‍ക്ക് കുറച്ചുനാളുകളായി ബന്ധുക്കളും അയല്‍ക്കാരുമില്ല…..സ്‌കുളില്‍ കുട്ടികള്‍ക്ക് കളികൂട്ടുകാരമില്ല…

ഇത് ചോദ്യം ചെയ്യാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ ഭരണകൂടം അതിനും തടയിടും. അത് കൊണ്ടാണ് ഗ്രോവാസുവിനെ പോലുള്ള മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് അര്‍ദ്ധരാത്രിയില്‍ പോലിസ് ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാകേണ്ടിവന്നത്. റോസാപൂക്കളുമായി നടന്നവര്‍ക്ക് ലോക്കപ്പിലെത്തേണ്ടിവന്നത്. ഭരണകൂടം പറയുന്നത് മാത്രം തൊണ്ടതൊടാതെ വിഴുങ്ങുന്ന ഒരു ജനതയെയാണ് ഇവര്‍ക്ക് വേണ്ടത്. അതിനാല്‍ റോസാപൂക്കള്‍ മാരാകായുധങ്ങളായേക്കാം….നീതീയുടെ പക്ഷം പിടിക്കുന്നവര്‍ തീവ്രവാദികളായേക്കാം…കണ്ണീരൊപ്പുന്നവര്‍ രാജ്യ ദ്രോഹികളായിരിക്കാം….

അതെ, ഭരണകൂടം വല്ലാത്ത ഭയപ്പാടിലാണ് വ്യവസ്ഥക്കെതിരായ ഒരു ചെറുവിരലനക്കങ്ങളെവരെ അത് ഭീകരമായി നേരിടുന്നു. രാജ്യത്തെ ജനങ്ങളെ അത് ഒട്ടും വിശ്വാസത്തിലെടുക്കുന്നില്ല. ഭരണകൂടത്തിനെതിരായുയരുന്ന ആയുധങ്ങള്‍ തോക്കായിരുന്നാലും പനിനീര്‍ പുഷ്പങ്ങളായിരുന്നാലും ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയില്ല.

അരുന്ധതി റോയി ഒരിക്കല്‍ പറഞ്ഞതുപോലെ മുതലാളിത്തം അതിന്റെ അന്തകരായ തൊഴിലാളികളെ സൃഷ്ടിക്കുന്നത് പോലെ ഭരണകൂടം അതിന്റെ അന്തകരായ മാവോയിസ്റ്റുകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണകൂടം ഒരു മാവോയിസ്റ്റ് നിര്‍മ്മാണ ഫാക്ടറിയാണ്.

10 Responses to “പനീനീര്‍ പൂക്കളെ ഭയപ്പെടുന്ന ഭരണകൂടം !”

 1. Gopakumar N.Kurup

  നമുക്ക് കിട്ടിയ സ്വാതന്ത്ര്യം കപടമായിരുന്നു എന്നു തിരിച്ചറിയാന്‍ നമുക്കിനിയും കാലങ്ങള്‍ വേണ്ടി വരും..!! എന്തിനാണു പോലീസിനെ പഴി പറയുന്നത്.. അവര്‍ കുന്തത്തിന്റെ മുനകള്‍ മാത്രമാണു..!! വേദനിപ്പിക്കുന്നത് അവയാണെങ്കില്‍ പോലും..!! അധികാര വര്‍ഗത്തിന്റെ മുഖം ഒന്നാണു..!! അതെല്ലായ്പ്പോഴും ജനത്തെ ഭയപ്പെടുന്നു..!! ജനങ്ങള്‍ കൂട്ടം ചേരുന്നതും സംഘടിക്കുന്നതും പ്രബുദ്ധരാകുന്നതുമെല്ലാം ഭരണകൂടത്തെ അട്ടിമറിക്കാനാണു എന്നവര്‍ തെറ്റിദ്ധരിക്കുന്നു..!!

  ഞാനും സൂക്ഷിക്കണം..!! ഈ ലേഖനത്തിനു അനുകൂലമായ കുറിപ്പെഴുതിയതിന്റെ പേരില്‍ ചിലപ്പോള്‍ ഞാനും നോട്ടപ്പുള്ളിയായേക്കാം..!!

 2. Asutosh

  ഭരണകൂടം!!! ത്ഫൂ….
  രണ്ടു കുരുന്നു കുഞ്ഞുങ്ങളോടു യുദ്ധം നടത്തുന്ന ഭരണകൂടം. ഹാ… ജനാധിപത്യത്തിന്റെ ഉദാത്തമായ ചിത്രം…

 3. muhammed shameem shado F luv

  കേരളമല്ലേ.. രാഷ്ട്രീയോല്‍ബുദ്ധത കൊണ്ട് വയറിളക്കം വന്ന കൂട്ടരല്ലേ… ഇതും ഇതിലപ്പുറവും നടക്കും. ആരും ഒന്നും മിണ്ടില്ല.

 4. edacheri dasan

  “ഞാനാണു പുറം തള്ളപ്പെടുന്നതെങ്കില്‍,എനിക്കാണ്‌ഭൂമിയുള്‍പ്പെടേയുള്ള ജീവിതോപാധികള്‍ നഷ്ടപ്പെടുന്നതെങ്കില്‍,എന്റെ ഭാര്യയും അമ്മയും മകളുമാണു ബലാല്‍സംഘം ചെയ്യപ്പെടുന്നതെങ്കില്‍,എനിക്കെതിരേയാണു പോലീസ്‌ സേനയെ നിരന്തരം ഉപയോഗിക്കുന്നതു എങ്കില്‍,എന്നെ കേള്‍ക്കാന്‍ നീതി ന്യായ സംവിധാനങ്ങള്‍ തയ്യാറാവുന്നില്ല എങ്കില്‍,എനിക്ക്‌ പ്രതിരോധിക്കാന്‍ മറ്റു ഒരു മാര്‍ഗ്ഗവു ഇല്ലാതാവുമ്പോള്‍ എന്റെ നിലനില്‍പ്പിന്നു വേണ്ടി ആയുധമേന്തുന്നതു തികച്ചും ന്യായമാണെന്നു ഞാന്‍ പറയും”

 5. sudeep

  “മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റെയും ഷൈനയുടെയും..” –> മാവോയിസ്റ്റ് നേതാക്കളാണ് അവര്‍ എന്നും ഈ ഭരണകൂടം പറയുന്നതല്ലേ? അത് അവരെ ദ്രോഹിക്കാന്‍ വേണ്ടി പറയുന്നതും ആവാമല്ലോ..

 6. pradeep

  എതിര്‍ത്ത് ശബ്ദിക്കുന്നത്‌ അപകടമാണ്. എന്നെയും അവര്‍ മാവോയിസ്റ്റ് ആയി കണക്കാക്കിയേക്കാം. എങ്കിലും നമ്മള്‍ ശബ്ദിക്കുന്നത്‌ ഭരണകൂടം ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുമ്പോള്‍ ചോദ്യം ചെയ്യാന്‍ തയ്യാറുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുവാനാണ് . റോസാ പൂവുകളെ ചവിട്ടി അരക്കുന്ന ബൂട്ടുകള്‍ നമുക്ക് തിരിച്ചു വാങ്ങേണ്ടതുണ്ട്.

 7. J.S. Ernakulam.

  പനീനീര്‍ പൂക്കളെ ഭയപ്പെടുന്ന ഭരണകൂടം

  പനിനീര്‍ പൂവെന്നല്ല ഇതു പൂവും ഭരണകൂടം ഭയക്കണം,
  രാജീവ്‌ ഗാന്ധിയെ കൊലപ്പെടുത്തിയ മനുഷ്യ ബോംബിന്റെ കയ്യിലും പൂവ് ഉണ്ടായിരുന്നു…..

  ഈ പാവം കുട്ടികളെ (ഷൈനി യുടെ ആണെങ്കില്‍) പോലീസിന്റെ മുന്നിലേക്ക്‌ ഇട്ടിട്ടു എന്തിനു ഷൈനിയും,ഭര്‍ത്താവും ഒളിവില്‍ കഴിയുന്നു????

  തെറ്റ് ചെയിതിട്ടില്ലെങ്കില്‍ അവര്‍ ജന സമൂഹത്തിന മുന്‍പില്‍ വരട്ടെ…..

 8. vibin

  രക്ഷിതാക്കളുടെ ആശയം എന്തുമാകട്ടെ അത് അവരുടെ അവകാശം…അതിന്റെ പേരില്‍ കുട്ടികളുടെ മനുഷ്യവകാശം ലംഘിക്കുന്നത് ന്യായികരിക്കാനാകുമോ.. അവരെ കാണാന്‍ പോലും അനുവദിക്കുന്നില്ല എന്ന് പറയുന്നത് ഏത് നിയമത്തിന്റെ പേരിലാണ്

 9. raghavan

  നമ്മുടെ സ്വതത്ര്യത്തിനു 65 വയസ്സായി. അത് മരനാസന്നമായിരികുന്നു. അതില്‍നിന്നു നമുക്ക് ഒന്നും പ്രതീഷികാനില്ല. ജനാതിപത്യം അതിന്റെ ഒരു വേഷംകെട്ട് മാത്രം.

 10. ks nizar

  നിയമലങ്കനങ്ങള്‍ വേണ്ടുവോളം ആവാം …… ആരും അതിനെ ചോദ്യം ചെയ്യരുത് എന്നാണ് ഭരണകൂടം നമ്മോട് പറയുന്നത് …..!!!!!!!!!!

  ഈ അടക്കിനിര്‍ത്താല്‍ എത്ര കാലം തുടരാനാവും………..??????????????

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.