എഡിറ്റര്‍
എഡിറ്റര്‍
അഞ്ചേരി ബേബി വധം: നുണപരിശോധനയ്ക്കായി എം.എം മണിക്ക് നോട്ടീസ് കൈമാറി
എഡിറ്റര്‍
Wednesday 14th November 2012 9:30am

തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ നുണപരിശോധനയ്ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നോട്ടീസ് സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാസെക്രട്ടറി എം.എം. മണിക്ക് കൈമാറി.

Ads By Google

കുഞ്ചിത്തിണ്ണയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് സമന്‍സ് കൈമാറിയത്. ഇന്നലെ അന്വേഷണ സംഘം മണിയുടെ വീട്ടില്‍ എത്തിയിരുന്നെങ്കിലും അദ്ദേഹം അവിടില്ലാതിരുന്നതിനാല്‍ നോട്ടീസ് കൈമാറുന്നതു ഇന്നത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു.

എന്നാല്‍ നുണപരിശോധനയ്ക്ക് ഹാജരാകണോ എന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ചതിന് ശേഷം തീരുമാനിക്കുമെന്ന് മണി പറഞ്ഞു.

തൊടുപുഴ മണക്കാട്ട് മണി നടത്തിയ വിവാദ പ്രസംഗത്തെത്തുടര്‍ന്നാണു കേസ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ പ്രത്യേകസംഘത്തെ നിയമിച്ചത്.

സി.ഐ.ടിയു നേതാവ് എ.കെ. ദാമോദരന്‍, സി.പി.ഐ.എം മുന്‍ ജില്ലാകമ്മിറ്റിയംഗം ഒ.ജി. മദനന്‍ എന്നിവര്‍ ഇന്നലെ തന്നെ നോട്ടീസ് കൈപ്പറ്റി. ഇവരുടെ രാജാക്കാട്ടെയും എന്‍.ആര്‍ സിറ്റിയിലെയും വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്. നുണപരിശോധനയ്ക്കായി ഏഴ്ദിവസത്തിനകം ഹാജരാകണമെന്നാണ് നോട്ടീസ്.

അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ടു തൊടുപുഴ മണക്കാട്ട് മണി നടത്തിയ വിവാദ പ്രസംഗത്തെത്തുടര്‍ന്നാണ് കേസ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ പ്രത്യേകസംഘത്തെ നിയമിച്ചത്. മണി ഒന്നാം പ്രതിയും എ.കെ. ദാമോദരന്‍, ഒ.ജി. മദനന്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളും ഉടുമ്പന്‍ചോല സ്വദേശി കുട്ടന്‍ നാലാം പ്രതിയുമായാണ് കേസെടുത്തിരിക്കുന്നത്.

നാലുപേരെയും ചോദ്യംചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കുകയും മൊഴി മാറ്റിപ്പറയുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.

1982 നവംബര്‍ 13നാണ് ഐ.എന്‍.ടി.യു.സി. നേതാവായിരുന്ന സേനാപതി മേലെചെമ്മണ്ണാര്‍ അഞ്ചേരി ബേബിയെ മേലെചെമ്മണ്ണാറില്‍വെച്ച് വെടിവെച്ചു കൊന്നത്.

കൊലപാതകത്തിന് ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും കേസ് എങ്ങും എത്താതെ പോവുകയായിരുന്നു. കേസിലെ പ്രതികളെല്ലാം രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍, 2012 മെയ് 25ന്, സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണി തൊടുപുഴ മണക്കാട്ട് നടത്തിയ പ്രസംഗത്തില്‍, അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തി.

സി.പി.ഐ.എം രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ടെന്നായിരുന്നു മണിയുടെ പ്രസംഗം. ഒന്നിനെ വെടിവെച്ചുകൊന്നു, ഒന്നിനെ കുത്തിക്കൊന്നു, ഒന്നിനെ വെട്ടിക്കൊന്നു എന്നും പ്രസംഗിച്ചു.

തുടര്‍ന്ന് ജില്ലയില്‍ മുപ്പതു വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസുകള്‍ അന്വേഷിക്കാന്‍ എസ്.പി. പി. പ്രകാശിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുയായിരുന്നു.

Advertisement