Categories

Headlines

മണിയുടെ വിവാദപ്രസംഗം: കേസ് ഡയറി പോലീസിന് ലഭിച്ചു

അടിമാലി: ഇടുക്കിയിലെ മൂന്നു രാഷ്ട്രീയ കൊലപാതകങ്ങളുടെ കേസ് ഡയറികള്‍ പോലീസിനു ലഭിച്ചു. സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വിവാദ പ്രസംഗത്തില്‍ പരാമര്‍ശിച്ച കൊലപാതക കേസുകളിലെ കേസ് ഡയറികളാണ് പോലീസിനു കിട്ടിയത്.

കേസ് ഡയറികള്‍ അടിയന്തരമായി പരിശോധിക്കാന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇടുക്കി എസ്.പിക്കു നിര്‍ദേശം നല്‍കിയത്.

മൂന്നാര്‍ ഡി.വൈ.എസ്.പി കേസ് ഡയറികള്‍ അന്വേഷണ സംഘത്തിനു കൈമാറി. മുള്ളഞ്ചിറ മത്തായി വധക്കേസില്‍ പോലീസിനു സ്വമേധയാ അന്വേഷണമാകാമെന്ന് അടിമാലി കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രസംഗത്തില്‍ മണി പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ അന്നത്തെ കേസ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്.

അതേസമയം മണിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് തുടരന്വേഷണം ഊര്‍ജ്ജിതമാക്കി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളില്‍ നിന്നും സാക്ഷികളില്‍ നിന്നും മൊഴിയെടുക്കുന്ന നടപടിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.