എഡിറ്റര്‍
എഡിറ്റര്‍
കൊടി സുനിയുടെ ഒളിയിടം കണ്ടെത്തിയതായി പോലീസ്
എഡിറ്റര്‍
Wednesday 23rd May 2012 9:05am

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ക്വട്ടേഷന്‍ സംഘത്തലവന്‍ കൊടി സുനിയുടെ ഒളിത്താവളം കണ്ടെത്തിയതായി സൂചന.  കണ്ണൂര്‍ കതിരൂരിലെ പാര്‍ട്ടി ഗ്രാമമായ കുണ്ടുചിറയിലെ രഹസ്യകേന്ദ്രത്തില്‍ സുനിയെക്കൂടാതെ കൊലപാതകത്തിന്റെ സൂത്രധാരനെന്നു കരുതുന്ന ടി.കെ. രജീഷും കഴിയുന്നതായാണു പോലീസിനു ലഭിച്ച വിവരം.

പുറത്തുനിന്നുള്ളവര്‍ക്കു കുണ്ടുചിറയില്‍ എളുപ്പം എത്തിച്ചേരാനാകില്ല. അങ്ങിങ്ങായി മാത്രമാണു വീടുകള്‍. അവയിലൊന്നിലാണു സുനിയും രജീഷുമെന്നു സംശയിക്കുന്നു. പെട്ടെന്നുള്ള നീക്കത്തിലൂടെ അറസ്റ്റിനു മുതിരേണ്ടെന്നാണ് പോലീസിന് ലഭിച്ച നിര്‍ദ്ദേശമെന്നാണ് അറിയുന്നത്.

പോലീസ് നടപടിയുണ്ടായാല്‍ സ്ത്രീകളെയും കുട്ടികളെയും മുന്നണിയിലിറക്കാനാണു പദ്ധതി. വെടിവയ്പ്പുണ്ടായാലും പിന്മാറരുതെന്നാണ് അണികള്‍ക്കുള്ള നിര്‍ദേശം. ചെറുത്തുനില്‍പ്പിനായി ബോംബുകളും ആയുധങ്ങളും ഒരുക്കിയിട്ടുണ്ടത്രേ. ഒളിസങ്കേതം പുറത്തറിഞ്ഞാല്‍ സുനിയും മറ്റും ഇവിടെനിന്നു രക്ഷപ്പെടാനുള്ള സാധ്യതയും പോലീസ് മുന്നില്‍ക്കാണുന്നു.

ടി.പി. കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ കൊടി സുനിയും സംഘവും ഇവിടെയെത്തിയിരുന്നു. പിന്നീട് മറ്റൊരിടത്തേക്കു പോയെങ്കിലും ഇവിടേക്കുതന്നെ മടങ്ങിയെന്ന നിഗമനത്തിലാണു പോലീസ്. പാര്‍ട്ടി പ്രാദേശികനേതാക്കള്‍ സദാ ഇവര്‍ക്കൊപ്പമുണ്ട്. അത്യാവശ്യത്തിനു മാത്രം ഫോണ്‍ സൗകര്യവും നല്‍കുന്നുണ്ട്.

പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലുകളിലും പ്രതികള്‍ക്കുള്ള പാര്‍ട്ടി സംരക്ഷണം വ്യക്തമായി. കേരളത്തിനു പുറത്തുപോയാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരവും ലഭിക്കില്ലെന്നതാണ് സുനിയേയും കൂട്ടാളികളെയും ഇവിടെത്തന്നെ തങ്ങാന്‍ പ്രേരിപ്പിച്ചത്. കണ്ണൂരിലെ നേതാക്കള്‍ക്കു പുറമേ സി.പി.ഐ.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലെ ഒരു പ്രമുഖനിലേക്കും അന്വേഷണം നീളുന്നുണ്ട്.

Advertisement