Categories

പോലീസ് വെടിവെപ്പ് വിവാദമാകുന്നു

police-fire-in-sfi-march

കോഴിക്കോട്: എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ തോക്കുപയോഗിച്ച് നേരിടാന്‍ ശ്രമിച്ച അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നടപടി വിവാദമാകുന്നു. വെടിവെയ്‌ക്കേണ്ട സാഹചര്യം കോളേജിനുമുമ്പിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

നിര്‍മല്‍ മാധവ് പ്രശ്‌നത്തില്‍ കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനിയറിങ് കോളേജിനു മുമ്പില്‍ എസ്.എഫ്.ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്നായിരുന്നു അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയുടെ നടപടി. വിദ്യാര്‍ത്ഥികള്‍ക്കുനേരെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് അസിസ്റ്റന്റ് കമ്മീഷണര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

എന്നാല്‍ വെടിവെക്കേണ്ട സാഹചര്യം അവിടെയുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സാധാരണയായി സംഘര്‍ഷമുണ്ടായാല്‍ പോലീസ് ആദ്യം കണ്ണീര്‍വാതകവും, പിന്നീട് ഗ്രേനേഡും ലാത്തിയും പ്രയോഗിക്കും. എന്നിട്ടും സംഘര്‍ഷത്തിന് അയവ് വന്നില്ലെങ്കില്‍ ജലപീരങ്കിപ്രോയോഗിക്കും. അതിനുശേഷമേ മറ്റു മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിക്കാറുള്ളൂ. എന്നാല്‍ ഇവിടെ ജലപീരങ്കി പോലും പ്രയോഗിക്കാതെയാണ് അസിസ്റ്റന്റ് കമ്മീഷണര്‍ വെടിവെച്ചത്.

കമ്മീഷണറുടെ നടപടി മുന്‍വൈരാഗ്യം മൂലമാണെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം. അടുത്തിടെ അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ കൈക്കൂലി ആരോപണവുമായി മുന്നോട്ടുവന്നിരുന്നു. ഇതിനു പ്രതികാരമെന്നോണം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രമിക്കുന്നതായി അവര്‍ ആരോപിച്ചിരുന്നു.

എല്ലാം നിങ്ങള്‍ കണ്ടതല്ലേ എന്നായിരുന്നു വെടിവെപ്പിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രാധാകൃഷ്ണപിള്ള പ്രതികരിച്ചത്. കൂടുതലൊന്നും പറയാന്‍ അദ്ദേഹം തയ്യാറായില്ല. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലെത്തിക്കാനാണ് വെടിവെച്ചതെന്നാണ് പോലീസ് കമ്മീഷണര്‍ നല്‍കുന്ന വിശദീകരണം. വെടിവെക്കാന്‍ കൃത്യമായ അനുമതിയുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നടപടിയെടുക്കാത്തതില്‍ രോഷം പൂണ്ട പോലീസുകാരന്‍ കമ്മീഷണര്‍ വെടിവെക്കുന്നതിനെ വിമര്‍ശിക്കുന്ന വാക്കുകള്‍ ഒരു ചാനല്‍ പുറത്തുവിട്ടു. ‘അയാളവിടെനിന്നും വെടിവെച്ചുകളിക്കുകയാണെന്നാണ’് പോലീസുകാരന്‍ പറഞ്ഞത്. അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെയുള്ള പോലീസുകാരുടെ രോഷം വ്യക്തമാക്കുന്നതായിരുന്നു ഈ വാക്കുകള്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.