എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയില്‍ പോലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു
എഡിറ്റര്‍
Monday 3rd September 2012 12:15am

ന്യൂദല്‍ഹി: ദല്‍ഹി മയൂര്‍വിഹാര്‍ ഫേസ് ത്രീയില്‍ പൊലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു. ഇന്നലെ രാത്രി പൊലീസിനെ കണ്ടിട്ടും നിര്‍ത്താതെ ബൈക്ക് ഓടിച്ചു പോയ യുവാവിനെ പൊലീസ് അടിച്ചുവീഴ്ത്തിയതില്‍ പ്രതിഷേധിച്ച് മയൂര്‍ വിഹാര്‍ ഫേസ് ത്രീയില്‍ ആളുകള്‍ വന്‍ പ്രക്ഷോഭം നടത്തിയിരുന്നു.

Ads By Google

അക്രമം വ്യാപിച്ചതോടെ പൊലീസ് പലതവണ ആകാശത്തേക്ക് വെടിവെച്ചു. വെടിവെപ്പില്‍ പ്രദേശവാസികളില്‍ ഒരാള്‍ മരിക്കുകയായിരുന്നു. മയൂര്‍ വിഹാര്‍ ഫേസ് ത്രീക്കു തൊട്ടടുത്ത് യു.പി അതിര്‍ത്തിയിലുള്ള ഘോഡാ ഗ്രാമത്തിലെ യുവാവിനെയാണ് പൊലീസ് സംഘം മുളവടി ഉപയോഗിച്ച് അടിച്ച്‌ വീഴ്ത്തിയത്.

ബാരിക്കേഡ് സ്ഥാപിച്ച്‌ പരിശോധന നടത്തുന്നതിനിടെയാണ് ഹെല്‍മറ്റ് ധരിക്കാതെ യുവാവ് എത്തിയത്. പൊലീസ് സംഘം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ബൈക്കോടിച്ച്‌ പോവുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ പ്രദേശവാസികള്‍ പോലീസ് പോസ്റ്റും സര്‍ക്കാര്‍ വാഹനങ്ങളും  ബൈക്കുകളും കത്തിച്ചു. കേരള സ്‌കൂളിന്റെ ജനല്‍ചില്ലുകളും എറിഞ്ഞുതകര്‍ത്തു. കടകള്‍ക്കും വീടുകള്‍ക്കും നേരെ കല്ലേറുണ്ടായി.

ഗാസിപൂര്‍, അശോക് നഗര്‍ പൊലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍പ്പെട്ട പല സ്ഥലങ്ങളിലും സംഘര്‍ഷം രൂക്ഷമായി. നഗരത്തിന്റെ മറ്റിടങ്ങളില്‍ നിന്ന് കൂടുതല്‍ പൊലീസിനെ ഈ പ്രദേശത്ത് വിന്യസിച്ചു. ദല്‍ഹി,യുപി അതിര്‍ത്തിയോട്‌ ചേര്‍ന്നാണ് അക്രമമുണ്ടായത്.

Advertisement