കൊളംബസ്: അമേരിക്കയില്‍ കിഴക്കന്‍ ഒവിയോയിലെ സയിന്‍സ് മില്ലാ പട്ടണത്തില്‍ 58 വന്യമൃഗങ്ങളെ പൊലീസ് വെടിവച്ചുകൊന്നു. 18 ബംഗാള്‍ കടുവകള്‍, 17 സിംഹങ്ങള്‍, കരടികള്‍, ചെന്നായകള്‍ എന്നീ മൃഗങ്ങളെയാണ് വെടിവെച്ചു കൊന്നത്.

മയക്കുവെടിവച്ച് പിടിക്കാനുള്ള ശ്രമം വിജയിച്ചില്ല. മൂന്നു പുള്ളിപ്പുലികളെയും ഒരു കരടിയെയും ജീവനോടെ പിടിക്കാന്‍ കഴിഞ്ഞു. ഇവയെ കൊളംബസ് മൃഗശാലയിലേക്ക് മാറ്റിയിട്ടുണ്ട്.

വന്യമൃഗങ്ങളെ വളര്‍ത്തിയിരുന്ന വിമുക്തഭടന്‍ ടെറി തോംസണ്‍(61) അവയെ തുറന്നുവിട്ടശേഷം ജീവനൊടുക്കി. പുറത്തിറങ്ങിയ വന്യമൃഗങ്ങള്‍ ജനത്തിന് ഭീഷണിയായതിനാലാണ് വെടിവച്ചുകൊന്നതെന്ന് പൊലീസ് വ്യക്തമാക്കി. 73 ഏക്കര്‍ വരുന്ന തോട്ടത്തിലാണ് കൂടുകളില്‍ മൃഗങ്ങളെ പാര്‍പ്പിച്ചിരുന്നത്.

വന്യമൃഗങ്ങളെ തുറന്നുവിട്ടതോ ജീവനൊടുക്കിയതോ എന്തുകൊണ്ടെന്ന് വ്യക്തമായിട്ടില്ല. വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള തോംസണ്‍ നിയമലംഘനത്തിന് പല പ്രാവശ്യം കേസില്‍പ്പെട്ടയാളാണ്. അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചതിന് ഇയാള്‍ ജയിലിലും കിടന്നിട്ടുണ്ട്.

വംശനാശം നേരിടുന്ന ബംഗാള്‍ കടുവകളെ കൂട്ടക്കുരുതി നടത്തിയതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.