എഡിറ്റര്‍
എഡിറ്റര്‍
നാലു മണിക്കു മുന്‍പ് റിസോര്‍ട്ട് ഒഴിഞ്ഞുപോകണമെന്ന് എം.എല്‍.എമാരോട് പൊലീസ്: അല്ലാത്തപക്ഷം ബലംപ്രയോഗിക്കുമെന്നും മുന്നറിയിപ്പ്
എഡിറ്റര്‍
Wednesday 15th February 2017 4:09pm

ചെന്നൈ: കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍നിന്നും വൈകിട്ട് നാലു മണിക്കു മുന്‍പ് ഒഴിഞ്ഞുപോകണമെന്ന് അണ്ണാ ഡി.എം.കെ എം.എല്‍.എമാരോട് പൊലീസ്.

ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാത്തപക്ഷം ബലം പ്രയോഗിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിസോര്‍ട്ടിന് പുറത്ത് ഇപ്പോഴും കനത്ത പൊലീസ് സന്നാഹം തുടരുകയാണ്. ഉത്തരമേഖലാ ഐജിയും സ്ഥലത്തെത്തിയിട്ടുണ്ട്.

റിസോര്‍ട്ടില്‍ പൊലീസിനെ വിന്യസിച്ചതില്‍ എം.എല്‍.എമാര്‍ പ്രതിഷേധിച്ചിരുന്നു. ഇതോടെ വന്‍ പൊലീസ് സന്നാഹത്തെ പ്രദേശത്ത് നിന്നും പിന്‍വലിയുകയായിരുന്നു.

അതേസമയം എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചു എന്നാരോപിച്ച് ശശികലക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മധുര സൗത്ത് എം.എല്‍.എ എസ് ശരവണന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ശശികല, അണ്ണാ ഡി.എം.കെയുടെ പുതിയ നിയമസഭാ കക്ഷി നേതാവായ എടപ്പാടി പളനിസ്വാമിക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് റിസോര്‍ട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.


രഘുറാം രാജന്‍ ഗവര്‍ണറായിരിക്കെ നോട്ടുനിരോധനത്തെ എതിര്‍ത്ത് റിസര്‍വ് ബാങ്ക് മോദിക്ക് കത്തെഴുതി: പി. ചിദംബരം 


കമാന്‍ഡോകള്‍ ഉള്‍പ്പെടെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു പരിശോധന. റിസോര്‍ട്ട് ഒഴിയുന്നതുമായി ബന്ധപ്പെട്ട് എം.എല്‍.എമാരും കാഞ്ചീപുരം എസ്.പിയും തമ്മില്‍ വാക്കേറ്റമുണ്ടായതായി വിവരമുണ്ട്.

ശരവണന്റെ പരാതി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ എം.എല്‍.എമാരുടെ സംഘം തട്ടിക്കയറിയത്. തുടര്‍ന്ന് കമാന്‍ഡോകളും പൊലീസും റിസോര്‍ട്ടിനുള്ളില്‍നിന്നും പിന്‍വാങ്ങി.

അതേസമയം കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം കൂവത്തൂരിലേക്ക് തിരക്കുമെന്നാണ് സൂചന. ശശികല കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന എ.ഐ.എ.ഡി.എം.കെ എംഎല്‍എമാരെ കണ്ട് പിന്തുണ തേടാനാണ് ഒ.പി.എസ് റിസോര്‍ട്ടിലേക്ക് എത്തുന്നത്.
അതിനിടെ കൂവത്തൂരില്‍ എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്ന റിസോര്‍ട്ട് പരിസരത്ത് നിന്ന് 40 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എം.എല്‍.എമാര്‍ രക്ഷപ്പെട്ടു പോകാതിരിക്കാന്‍ ഏര്‍പ്പെടുത്തിയ ഗുണ്ടകളാണ് ഇവര്‍ എന്നാണ് സൂചന.

വൈകുന്നേരത്തോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി അകറ്റാന്‍ ഗവര്‍ണറുടെ തീരുമാനമുണ്ടാകുമെന്നാണ് സൂചന. അണ്ണാ ഡി.എം.കെ നിയമസഭ കക്ഷി നേതാവ് പളനിസാമിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കുകയാവും ഗവര്‍ണര്‍ ചെയ്യുകയെന്നും സൂചനയുണ്ട്.

അറ്റോര്‍ണി ജനറലില്‍ നിന്ന് ലഭിച്ച നിയമോപദേശം ഗവര്‍ണര്‍ പരിശോധിച്ചു. ഈ സാഹചര്യത്തിലാണ് ഒപിഎസ് എംഎല്‍എമാരെ കാണാന്‍ കൂവത്തൂരിലേക്ക് എത്തുന്നത്. ഇന്നലെ റിസോര്‍ട്ടിലെത്താന്‍ പനീര്‍ശെല്‍വം ശ്രമിച്ചിരുന്നെങ്കിലും സുരക്ഷാകാരണങ്ങളാല്‍ പൊലീസ് വിലക്കിയിരുന്നു.

Advertisement