ന്യൂദല്‍ഹി: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പൊലീസിനെ ന്യായീകരിച്ച് ബി.എച്ച്.യു വൈസ് ചാന്‍സലര്‍ ഗിരീഷ് ചന്ദ്ര ത്രിപതി. പൊലീസ് വനിതാ വിദ്യാര്‍ഥികളെ ആക്രമിച്ചിട്ടില്ലെന്നും ക്യാമ്പസില്‍ അക്രമം നടത്തിയ സാമൂഹ്യവിരുദ്ധരെ സേനയെ ഉപയോഗിച്ച് പുറത്താക്കുകയാണ് ചെയ്തതെന്നുമാണ് വി.സിയുടെ ന്യായവാദം.

തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് വി.സി പൊലീസ് നടപടിയെ ന്യായീകരിച്ചത്.

‘സെപ്റ്റംബര്‍ 23നും 24നും ഇടയിലുളള രാത്രി യൂണിവേഴ്‌സിറ്റി പരിസരത്തുണ്ടായിരുന്ന ഒരു പെണ്‍കുട്ടിക്കുനേരെയും ലാത്തിച്ചാര്‍ജ് ഉണ്ടായിട്ടില്ല. യൂണിവേഴ്‌സിറ്റിയുടെ സ്വത്ത് കൊള്ളയടിക്കാന്‍ ശ്രമിച്ച സാമൂഹ്യവിരുദ്ധര്‍ക്കെതിരെയാണ് നടപടിയെടുത്തത്.’ ത്രിപതി പറയുന്നു.

‘ വി.സിയുടെ വീട്ടിനുനേരെ കല്ലേറു നടത്തിക്കൊണ്ട് അവര്‍ അക്രമം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ബി.എച്ച്.യു പ്രധാന കവാടത്തിലെ ധര്‍ണയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയ്ക്കുമേല്‍ കരിതേക്കാന്‍ ശ്രമിച്ചു. ഇത്തരം ശ്രമങ്ങള്‍ രാജ്യദ്രോഹമല്ലാതെ മറ്റൊന്നുമല്ല.’ എന്നും അദ്ദേഹം ആരോപിച്ചു.


Also Read: ബാങ്ക് ഗ്യാരന്റി നല്‍കിയില്ല; മലബാര്‍ മെഡിക്കല്‍ കോളേജില്‍ 33 വിദ്യാര്‍ത്ഥികളെ പുറത്താക്കി


അജ്ഞാതര്‍ ഗേറ്റിനു മുമ്പില്‍ ധര്‍ണ നടത്തുകയാണെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും അവളുടെ സുഹൃത്തുക്കളും തന്റെ ഫോണില്‍ അറിയിച്ചിരുന്നെന്നും വി.സി അവകാശപ്പെടുന്നു. ‘ പ്രതിഷേധ വേദിയില്‍ നിന്നും വിട്ടുപോകാന്‍ തന്നെയോ സുഹൃത്തുക്കളെയോ അവര്‍ അനുവദിക്കുന്നില്ലെന്നാണ് അവള്‍ പറഞ്ഞത്. അവര്‍ ഒരുതരത്തില്‍ അവരെ തടവിലിട്ടിരിക്കുകയായിരുന്നു.’ അദ്ദേഹം പറയുന്നു.