ന്യൂദല്‍ഹി: അണ്ണാ ഹസാരെയുടെ നിരാഹര സമരത്തിന് ദല്‍ഹി പോലീസ് അനുമതി നിഷേധിച്ചു. സമരം നടത്തുന്നതിന് പോലീസ് മുന്നോട്ട് വെച്ച കര്‍ശന നിര്‍ദേശങ്ങളില്‍ ചിലത് അംഗീകരിക്കാന്‍ ഹസാരെ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണിത്. 22 നിര്‍ദേശങ്ങളാണ് പോലീസ് മുന്നോട്ട് വെച്ചത്. ഇതില്‍ 16 എണ്ണം അംഗീകരിക്കാന്‍ ഹസാരെ തയ്യാറായിട്ടുണ്ട്. സമരം പ്രഖ്യാപിച്ച ജെ.പി ഗ്രൗണ്ടില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം നിരോധനം മറികടന്ന് സമരവുമായി മുന്നോട്ട് പോകുമെന്ന് ഹസാരെ സംഘം വ്യക്തമാക്കിയിട്ടുണ്ട്. നാളെ രാവിലെ പത്ത് മണിയോടെ രാജ്ഘട്ട് സന്ദര്‍ശിച്ച് അവിടെ നിന്നും പ്രകടനമായി ജെ.പി ഗ്രൗണ്ടിലേക്ക് നീങ്ങാനാണ് സമര സംഘത്തിന്റെ തീരുമാനം. മാര്‍ച്ചിനിടെ പോലീസ് അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അറസ്റ്റ് വരിച്ച് ജയിലില്‍ നിരാഹാരം തുടരാനും തീരുമാനിച്ചിട്ടുണ്ട്.

നിരാഹാരസമരത്തിനു മൂന്നുദിവസം മാത്രമേ പാടുള്ളൂ, സമരക്കാരുടെ എണ്ണം പരമാവധി 5000 ആയിരിക്കണം, സമരത്തില്‍ പങ്കെടുക്കാന്‍ വരുന്നവരുടെ വാഹനങ്ങളുടെ എണ്ണത്തിലും നിയന്ത്രണം വേണം, സമരഭൂമിയില്‍ ടെന്റുകള്‍ ഉയര്‍ത്തരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഹസാരെ പോലീസിനെ അറിയിച്ചു. ഹസാരെയുടെ അറിയിപ്പ് ലഭിച്ച ഉടന്‍ തന്നെ സമരത്തിന് അനുമതി നിഷേധിച്ച് പോലീസ് നോട്ടീസ് നല്‍കുകയായിരുന്നു.

മതിയായ ടോയ്‌ലറ്റ് സൗകര്യം, പരിസരവാസികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത സമരസംഘാടനം, പ്രകോപനപരമായ മുദ്രാവാക്യം ഒഴിവാക്കല്‍, വൃക്ഷങ്ങള്‍ക്കും പൊതുമുതലിനും കേടു വരുത്താതിരിക്കല്‍ തുടങ്ങിയ വ്യവസ്ഥകള്‍ പാലിക്കുമെന്ന് ഹസാരെ വ്യക്തമാക്കിയിരുന്നു.

സമരക്കാരുടെ എണ്ണത്തിലെ നിയന്ത്രണവും 18ാം തീയതി ആറുമണിക്കു സമരം അവസാനിപ്പിക്കണമെന്ന് നിര്‍ദേശവുമാണ് ഹസാരെ പ്രധാനമായും തളളിക്കളഞ്ഞത്. ഓഗസ്റ്റ് 15നകം ജന്‍ലോക്പാല്‍ ബില്‍ നടപ്പിലാക്കിയില്ലെങ്കില്‍ 16ന് അനിശ്ചിതകാലസമരം ആരംഭിക്കുമെന്നു ഹസാരെ നേരത്തേ അറിയിച്ചിരുന്നു.

സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമാണ് ഹസാരെ ഇന്നലെ ഉന്നയിച്ചത്. സ്വാതന്ത്ര്യത്തിന്റെ 65ാം വാര്‍ഷികത്തില്‍ രാജ്യത്തു സ്വാതന്ത്ര്യം കവര്‍ച്ചചെയ്യപ്പെടുകയാണെന്നും അഭിപ്രായസ്വാതന്ത്ര്യംപോലും ഇല്ലാതാക്കാനുള്ള നീക്കം ആശങ്കയുണര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ സ്വേച്ഛാധിപത്യത്തിനു തുടക്കമിടാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പേ അപേക്ഷിച്ചിട്ടും സമരവേദി അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. സര്‍ക്കാരിന്റെ ഇത്തരം നിഷ്‌ക്രിയത്വമാണ് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ അമേരിക്കയ്ക്കു ധൈര്യം പകരുന്നതെന്നും ഹസാരെ ആരോപിച്ചിരുന്നു.