എഡിറ്റര്‍
എഡിറ്റര്‍
മുലഞെട്ടുകള്‍ ഞെരടിപൊട്ടിച്ചു, കരഞ്ഞപ്പോള്‍ ലിംഗത്തില്‍ മര്‍ദിച്ചു: മുടി നീട്ടിയതിന്റെ പേരില്‍ ‘പൊലീസ് കൊന്ന’ ദളിത് യുവാവ് കസ്റ്റഡിയില്‍ നേരിട്ടത് ക്രൂരപീഡനം
എഡിറ്റര്‍
Thursday 20th July 2017 7:51am

തൃശൂര്‍: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ദളിത് യുവാവ് ആത്മഹത്യ ചെയ്തത് ചെയ്യാത്ത കുറ്റത്തിനേറ്റ ക്രൂരപീഡനത്തില്‍ മനംനൊന്താണെന്ന് ഒപ്പം കസ്റ്റഡിയിലായ സുഹൃത്തുക്കള്‍. ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായക്(19) ആയിരുന്നു പോലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്.

മനസാക്ഷിയെ മടുപ്പിക്കുന്ന മര്‍ദ്ദനമാണ് വിനായകന് നേരിടേണ്ടി വന്നതെന്ന് സുഹൃത്ത് ശരത്തും സി.പി.ഐ.എം ഏരിയ സെക്രട്ടറി സുല്‍ത്താനും പറയുന്നു. പൊലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച ശേഷം പ്രദേശത്തെ സി.പി.ഐ.എം ഏരിയ സെക്രട്ടറിയോട് തനിക്ക് സ്റ്റേഷനിലേറ്റ പൈശാചിക പീഡനത്തിന്റെ വിവരങ്ങള്‍ മരിക്കുന്നതിന് തലേദിവസം വിനായകന്‍ വെളിപ്പെടുത്തിയിരുന്നു. മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചും മുടിവലിച്ചു പറിച്ചും കുനിച്ച് നിര്‍ത്തി ഇടിച്ചുമാണ് പോലീസ് വിനായകിനെയും സുഹൃത്തിനെയും ചോദ്യം ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞത്.

ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് വിനായകിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം.

വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞതായി ബന്ധുക്കള്‍ ആരോപിക്കുന്നു. മുടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതിന് ‘തെളിവായി’ പൊലീസ് ചൂണ്ടിക്കാട്ടിയത്. പിതാവിനൊപ്പെം വീട്ടിലെത്തിയ വിനായകന്‍ തൊട്ടടുത്ത ദിവസം ആത്മഹത്യ ചെയ്യുകയായിരുന്നു.

വിനായകനെയും ശരത്തിനെയുംഒരുമിച്ചാണ് പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. തൊഴില്‍, കുടുംബ പശ്ചാത്തലം, ജാതി തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മാലമോഷണം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് മര്‍ദ്ദനം തുടങ്ങി. 19 കാരനായ വിനായകന്റെ തൊഴില്‍, ആധുനിക രീതിയിലുള്ള ഹെയര്‍സ്റ്റൈല്‍ തുടങ്ങിയവയായിരുന്നു പൊലീസിനെ പ്രകോപിച്ചത്.

ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചെന്നാണ് ശരത് പറയുന്നത്. നെഞ്ചില്‍ ഇടിച്ച ശേഷം മുലഞെട്ടുകള്‍ രണ്ടും ഞെരടിപ്പൊട്ടിച്ചു. വേദന കൊണ്ട് കരഞ്ഞ വിനായകന്റെ ലിംഗത്തില്‍ മര്‍ദ്ദിച്ചെന്നും ശരത് പറയുന്നു.

വിനായകനെ കാണുമ്പോള്‍ അവന്റെ ശരീരം ചതവു മൂലം നീരു വെച്ചിരുന്നതായി സി.പി.ഐ.എം ഏരിയ സെക്രട്ടറി സുല്‍ത്താന്‍ പറഞ്ഞു. വിനായകനും ശരത്തും കൂടിയാണ് തന്നെ കാണാന്‍ വന്നത്. പൊലീസ് മര്‍ദ്ദനത്തെ കുറിച്ച് ഇരുവരും വിശദമായി തന്നെ പറഞ്ഞു.

ആശുപത്രിയില്‍ പോകാനും പൊലീസിനെതിരെ പരാതി നല്‍കണമെന്നും വിനായകനോട് ആവശ്യപ്പെട്ടിരുന്നു വിനായകന്‍ മരിച്ച ശേഷം മൃതദേഹ പരിശോധനയ്ക്ക് വന്ന എസ്.ഐയുയും പൊലീസുകാരനെയും നാട്ടുകാര്‍ തടഞ്ഞുവെച്ചിരുന്നു. ആര്‍.ഡി.ഓയും ഉന്നത പൊലീസുദ്യോഗസ്ഥരും സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മൃതദേഹം തുടര്‍നടപടികള്‍ക്ക് വിട്ടുകൊടുക്കാന്‍ ബന്ധുക്കളും നാട്ടുകാരും സമ്മതിച്ചത്. വിനായകനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത ശരത് തൃശൂര്‍ മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വിനായകനെതിരെയുള്ള പോലീസ് അക്രമത്തില്‍ വി.ടി ബലറാം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
‘വിനായകന്റെ വീട്ടിലേക്ക് പോകുന്നു കറുത്തവന്റെ ചോര ദാഹിക്കുന്ന പൈശാചികപ്പോലീസിനെ നിലക്കുനിര്‍ത്തുക. കാക്കിയിട്ട കൊലപാതകികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരിക എന്നായിരുന്നു പോസ്റ്റ്.

Advertisement