തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് പിടികൂടിയത് അതിസാഹസികമായി. കൃത്യനിര്‍വഹണത്തിന് ശേഷം പ്രതികള്‍ രാത്രി തന്നെ കാട്ടാക്കടയിലേക്ക് കടന്നെന്ന് മനസിലാക്കിയ പൊലീസ് പുലര്‍ച്ചയോടെ പ്രദേശം വളയുകയായിരുന്നു. പിന്നീട് പുലിപ്പാറയില്‍ സിനിമയെ വെല്ലുന്ന രംഗങ്ങളായിരുന്നു അരങ്ങേറിയത്.

കേസിലെ പ്രധാനപ്രതി മണിക്കുട്ടന്റെ സുഹൃത്ത് സജുവിന്റെ വീട്ടില്‍നിന്നു പുലര്‍ച്ചെ പ്രതികളുടെ മൂന്നു ബൈക്കുകള്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.

അര്‍ധരാത്രിയോടെ മണിക്കുട്ടനും കൂട്ടുകാരും സ്ഥലത്ത് എത്തിയിരുന്നുവെന്നും ബൈക്ക് ഉപേക്ഷിച്ചശേഷം കാറില്‍ എങ്ങോട്ടോ പോയെന്നുമായിരുന്നു സജുവിന്റെ മൊഴി.


Dont Miss ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊല; പ്രതികളെ പിടികൂടിയ നടപടിയില്‍ രാജ്‌നാഥ് അഭിനന്ദനം അറിയിച്ചതായി പിണറായി


ഇതിനിടെ നെയ്യാര്‍ ഡാമില്‍നിന്നു മറ്റൊരു പ്രതിയായ അരുണ്‍ പൊലീസിന്റെ പിടിയിലായി. ബാക്കി പ്രതികള്‍ പുലിപ്പാറയില്‍ തന്നെയുണ്ടെന്ന് അരുണ്‍ മൊഴി നല്‍കി. ഇതോടെ പൊലീസും നാട്ടുകാരും ചേര്‍ന്നു തിരിച്ചില്‍ ആരംഭിച്ചു.

ഏറെ നേരം നീണ്ട തിരച്ചിലിനൊടുവില്‍ റബര്‍ തോട്ടത്തിനു നടുവിലുള്ള സജുവിന്റെ ആളൊഴിഞ്ഞ കുടുംബവീട്ടില്‍ ബാക്കി പ്രതികളെയും കണ്ടെത്തുകയായിരുന്നു. പൊലീസിനെയും നാട്ടുകാരെയും കണ്ടതോടെ ഓടാന്‍ ശ്രമിച്ച പ്രതികളില്‍ ഒരാളെ പൊലീസ് ഓടിച്ചിട്ടു പിടിച്ചു.

മറ്റുള്ളവര്‍ റബര്‍ തോട്ടത്തിലൂടെ ഓടി സമീപത്തെ പള്ളിയില്‍ കയറിയെങ്കിലും ആരാധന നടക്കുന്ന സമയമായതിനാല്‍ ഒളിക്കാനായില്ല. രക്ഷപ്പെടാന്‍ വേണ്ടി പുറത്തേക്കിറങ്ങിയ ഇവരെ അവിടെ വെച്ച് തന്നെ കാട്ടാക്കാട സിഐയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

ചിത്രം കടപ്പാട്; മനോരമ ന്യൂസ്