ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗുര്‍മീത് റാം റഹീം സിങ്ങിന്റെ സിര്‍സയിലെ ആശ്രമത്തില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ അധികൃതര്‍ പുറത്തെത്തിച്ചു. ഗുര്‍മീതിന്റെ ആശ്രമങ്ങളില്‍ ഉള്ളവരെ പുറത്തെത്തിക്കുന്ന നടപടികള്‍ തുടരുകയാണ്. ഇതുവരെ സിര്‍സയിലെ ആശ്രമത്തില്‍ നിന്ന് 650 പേരെ പുറത്തെത്തിച്ചിട്ടുണ്ട്.


Also Read: ഗുര്‍മീതിന്റെ ആശ്രമത്തില്‍ റെയ്ഡ്, വീഡിയോ കാണാം


ഗുര്‍മീതിന്റെ ആശ്രമത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രൂരതയ്ക്കിരയാകുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. പുറത്തെത്തിയ കുട്ടികളിപ്പോള്‍ ശിശുസംരക്ഷണവകുപ്പിന്റെ സംരക്ഷണയിലാണ്. വൈദ്യപരിശോധനയ്ക്കുശേഷം കുട്ടികളെ ശിശുസംരക്ഷണകേന്ദ്രങ്ങളിലാക്കുമെന്ന് സിര്‍സ ഡെപ്യൂട്ടി കമ്മിഷണര്‍ പ്രഭ്ജ്യോത് സിങ് പറഞ്ഞു.

ഇനി മുന്നൂറോളംപേരെ മാത്രമേ ആശ്രമത്തില്‍ പുറത്തെത്തിക്കാനുള്ളുവെന്നു പ്രഭ്‌ജ്യോത് സിങ് വ്യക്തമാക്കി. സിര്‍സയില്‍ ചൊവ്വാഴ്ച രാത്രി ഏഴുവരെ കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളും ബാങ്കുകളും പ്രവര്‍ത്തനം പുനരാരംഭിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങളും പുനഃസ്ഥാപിച്ചിട്ടുണ്ട്.


Dont Miss: ‘ഇതിലും കുറഞ്ഞ നിരക്ക് നിശ്ചയിച്ചാല്‍ പാവം സ്വാശ്രയ മുതലാളിമാര്‍ക്ക് മത്തിക്കച്ചവടത്തിനു പോകേണ്ടി വന്നേനേ’; സര്‍ക്കാരിനെ വിമര്‍ശിച്ച് ജയശങ്കര്‍


ഗുര്‍മീതിന്റെ ദേരാ സച്ചാ സൗധ ആശ്രമത്തില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ സ്വര്‍ണ്ണ പാത്രങ്ങളും സ്വര്‍ണ്ണം പൂശിയ കസേരകളും കണ്ടെടുത്തിരുന്നു. ആശ്രമത്തില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ ആയുധങ്ങളും കണ്ടെടുത്തിരുന്നു.

ഹരിയാനയിലെ ബര്‍ഗട് ജാട്ടന്‍ ഗ്രാമത്തില്‍ നിന്ന് ആയുധങ്ങളുമായി ദേരാ സച്ചാ സൗധയുടെ രജിസ്ട്രേഷനിലുള്ള വാഹനം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. വാക്കി-ടോക്കി, കുറുവടികള്‍, നാല് പ്ലാസ്റ്റിക് പൈപ്പുകള്‍, മൂന്നു കുപ്പി പെട്രോള്‍, ജാക്കറ്റ് എന്നിവയാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.