കണ്ണൂര്‍: യൂണിഫോമില്‍ കണ്ടാലും രാധാകൃഷ്ണപിള്ളയെ തല്ലണമെന്നു തലശ്ശേരിയില്‍ പ്രസംഗിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി. ശിവദാസമേനോനെതിരെയും കേസ്. കുറ്റകരമായ പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിച്ചതിന് ഐ.പി.സി 116, 117 വകുപ്പുകള്‍ പ്രകാരവും പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതിനു കേരള പൊലീസ് ആക്ട് 117 (ഇ) വകുപ്പു പ്രകാരവുമാണ് കേസ്. സി.എച്ച.് കണാരന്‍ ചരമദിനാചരണം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ശിവദാസമേനോന്റെ പ്രസംഗം.

കണ്ണൂര്‍ പ്രസംഗത്തിന്റെ പേരില്‍ എം.വി. ജയരാജനെതിരെ ചുമത്തിയ അതേ വകുപ്പുകള്‍ തന്നെയാണു ശിവദാസ മേനോനെതിരെയും ചുമത്തിയിരിക്കുന്നത്. രാധാകൃഷ്ണപിള്ളയെ യൂണിഫോം ഇല്ലാതെ കണ്ടാല്‍ തല്ലിക്കൊള്ളണമെന്നായിരുന്നു ജയരാജന്റെ പ്രസ്താവന.