തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പോലീസ് ക്യാമ്പ് അടച്ചുപൂട്ടാന്‍ ഡി.ജി.പി വേണുഗോപാല്‍ .കെ. നായര്‍ നിര്‍ദ്ദേശം നല്‍കി. പോലീസുകാര്‍ കഴിഞ്ഞിരുന്ന ക്യാമ്പിന്റെ ദുരവസ്ഥയെ തുടര്‍ന്നാണ് ക്യാമ്പ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്.

ക്യാമ്പില്‍ കഴിഞ്ഞിരുന്ന പോലീസുകാരെ എ.ആര്‍ ക്യാമ്പിലേക്ക് മാറ്റാനും ഡി.ജി.പി നിര്‍ദ്ദേശിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സുരക്ഷയ്ക്കായി നിയോഗിച്ച പോലീസുകാര്‍ താമസിച്ചിരുന്ന ക്യാമ്പിന്റെ ദുരവസ്ഥയെ കുറിച്ച പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മന്ത്രി വി.എസ് ശിവകുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഡി.ജി.പി നടത്തിയ അന്വേഷണത്തില്‍ ക്യാമ്പില്‍ പോലീസുകാര്‍ ദുരിതപൂര്‍ണമായ ജീവിതം നയിക്കുകയാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു.

പോലീസുകാര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാചുമതലയുള്ള പോലീസുകാര്‍ക്ക് കൂട്ടത്തോടെ പകര്‍ച്ചപ്പനി ബാധിച്ചതോടെയാണ് കാര്യങ്ങള്‍ പുറം ലോകം അറിയുന്നത്.

ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ക്യാമ്പിലെ സ്ഥിതി ഗുരുതരമാണെന്നും റിപ്പോര്‍ട്ട് നല്‍കി. ഇതോടെയാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിടുന്നത്. മുന്നൂറിലധികം പോലീസുകാരാണ് ക്യാമ്പില്‍ ദുരിതപൂര്‍ണമായ ജീവിതം നയിച്ചു വന്നത്.

Malayalam News

Kerala News In English