എഡിറ്റര്‍
എഡിറ്റര്‍
ജോലിക്കുപോകാന്‍ നിന്നയാളെ ആളുമാറി കസ്റ്റഡിയിലെടുത്ത് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി ; യുവാവ് ആശുപത്രിയില്‍
എഡിറ്റര്‍
Wednesday 10th May 2017 10:10am

പഴയന്നൂര്‍: ജോലിക്ക് പോകാനായി നിന്നയാളെ ആളുമാറി കസ്റ്റഡിയിലെടുത്ത് പൊലീസ് മര്‍ദ്ദിച്ചതായി പരാതി. വെന്നൂര്‍ കുന്നത്ത് സജീഷിനെ (30)യാണ് ചെറുതുരുത്തി പൊലീസ് ആളുമാറി അറസ്റ്റ് ചെയ്തു മര്‍ദ്ദിച്ചത്.

ഇന്നലെ രാവിലെ എട്ടരയോടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ വച്ചാണ് സംഭവം. കോഴിക്കോട് ഫറോക്കില്‍ ചെരുപ്പു നിര്‍മാണ തൊഴിലാളിയായ സജീഷ് പണിസ്ഥലത്തേക്കു പോകാനെത്തിയപ്പോള്‍ രണ്ടു പൊലീസുകാര്‍ വന്ന് ഇദ്ദേഹത്തെ വിലങ്ങു വച്ചു ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ കോഴിക്കോട്ടേക്കു പോകാന്‍ ടിക്കറ്റ് എടുത്ത ശേഷം റെയില്‍വേ സ്റ്റേഷനു പുറത്തെ ഹോട്ടലില്‍നിന്നു ചായ കുടിച്ചു പുറത്തിറങ്ങി നില്‍ക്കുമ്പോള്‍ കാവി മുണ്ടും ഷര്‍ട്ടും ഇട്ട ഒരാള്‍ പെട്ടെന്നു പിറകിലൂടെ വന്നു കോളറില്‍ പിടികൂടുകയും യൂണിഫോം ഇട്ട മറ്റൊരാള്‍ മുന്നിലൂടെ എത്തി കുത്തിപ്പിടിക്കുകയും ചെയ്‌തെന്നാണു സജീഷ് പറയുന്നത്. ഇരുവരും ചേര്‍ന്നു ‘നീ പട്ടി ചാക്കോ അല്ലെടാ’ എന്നു ചോദിച്ചു കയ്യില്‍ വിലങ്ങിടുകയായിരുന്നു.


Dont Miss മക്കള്‍ നാണംകെടരുതെന്നു കരുതി സ്വന്തം ജോലി മറച്ചു വെച്ച അച്ഛനെ മാറോടടക്കി മൂന്ന് പെണ്‍മക്കള്‍; ലോകത്തിലെ ഏറ്റവും വലിയ ധനികനെ പരിചയപ്പെടുത്തി സോഷ്യല്‍ മീഡിയ 


നിങ്ങള്‍ക്ക് ആളുമാറിയതാണെന്നും തന്റെ പേരും വിലാസവും വ്യക്തമാക്കിയിട്ടും പൊലീസുകാര്‍ കേട്ടില്ലെന്ന് സജീഷ് പറയുന്നു. പൊലീസ് ജീപ്പ് വരുന്നതുവരെ അര മണിക്കൂറോളം വിലങ്ങിട്ടു നിര്‍ത്തിയതായും സജീഷ് പരാതിയില്‍ പറയുന്നു.

സ്റ്റേഷനിലെത്തിയ തന്നെ ലോക്കപ്പിലിട്ടു രണ്ടു പൊലീസുകാര്‍ ചേര്‍ന്നു നെഞ്ചിലും വയറ്റിലും മര്‍ദിച്ചു. ബാഗും മൊബൈല്‍ഫോണും പരിശോധിച്ചു. ആളുമാറിയാണ് അറസ്റ്റ് ചെയ്തതെന്നു മനസിലാക്കി പത്തരയോടെയാണു വെള്ളപേപ്പറില്‍ ഒപ്പിട്ടു വാങ്ങി പൊലീസ് വിട്ടയച്ചതെന്നും സജീഷ് ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

മൂത്രതടസവും വേദനയും അനുഭവപ്പെട്ട സജീഷിനെ ചേലക്കര ഗവ. ആശുപത്രിയിലെ പ്രാഥമിക ചികില്‍സയ്ക്കു ശേഷം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഒട്ടേറെ കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി ‘പട്ടി ചാക്കോ’ ഇന്നലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്നുണ്ടെന്നു സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ വിവരത്തെ തുടര്‍ന്നാണു പോലീസ് അവിടെയെത്തിയത്.

വിലങ്ങു വച്ചതു സ്വയംരക്ഷയ്ക്കു വേണ്ടിയാണെന്നും സ്റ്റേഷനില്‍ എത്തി അര മണിക്കൂറിനുള്ളില്‍ ആളുമാറിയ കാര്യം ബോധ്യപ്പെട്ടു വിട്ടയച്ചെന്നും എഎസ്‌ഐ അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

ഓറഞ്ചിനോടു സാമ്യമുള്ള നിറത്തിലുള്ള ഷര്‍ട്ടും വെള്ള മുണ്ടുമായിരുന്നു സജീഷിന്റെ വേഷം. ചാക്കോയുടെ വേഷത്തിന്റെ നിറവും ഇതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച സജീഷിനെ കണ്ടതും കൂടുതലൊന്നും ആലോചിക്കാതെ പൊലീസ് വിലങ്ങ് വെച്ച് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

ചെറുതുരുത്തി സ്റ്റേഷനിലെത്തിച്ചു സജീഷിന്റെ ഫോട്ടോ ബന്ധപ്പെട്ടവര്‍ക്ക് അയച്ചു കൊടുത്തപ്പോഴാണു പട്ടി ചാക്കോ അല്ലെന്നു വ്യക്തമായത്. ചാക്കോയെ ഇന്നലെ തന്നെ ഷൊര്‍ണൂര്‍ പൊലീസ് പിടികൂടുകയും ചെയ്തു.

Advertisement