എഡിറ്റര്‍
എഡിറ്റര്‍
പൊലീസ് കസ്റ്റഡിയില്‍ യുവാവിന് ക്രൂരമര്‍ദ്ദനം; ഗുരുതര പരുക്കുകളുമായി യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
എഡിറ്റര്‍
Wednesday 5th April 2017 8:03am

 

കോഴിക്കോട്: പൊലീസ് കസ്റ്റഡിയില്‍ യുവാവിന് ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമനാട്ടുകര പുതുക്കോട് കൊടക്കല്ലിങ്ങല്‍ കൈലാസത്തില്‍ ശ്രീനാഥിനെയാണ് (32) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതും മര്‍ദ്ദിച്ചതും.


Also read ‘സംഘപരിവാറിനെ വിമര്‍ശിക്കുന്ന സക്കറിയ ജമാഅത്തെ ഇസ്ലാമിയുടെ ഒരു ലക്ഷം കൈപ്പറ്റിയതെന്തുകൊണ്ട്?’; സക്കറിയക്കെതിരെ വിമര്‍ശനവുമായി ഉണ്ണി ആര്‍ 


ഞായറാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ നിന്നും പൊലീസ് സംഘം ശ്രീനാഥിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍വെച്ച് പൊലീസ് മാരകമായി മര്‍ദ്ദിച്ചതായി ശ്രീനാഥ് പറഞ്ഞു. ലാത്തികൊണ്ട് തലക്കും കാലിനും മാരകമായി മര്‍ദ്ദിച്ചിട്ടുണ്ട്.

 

ഞായറാഴ്ച വൈകിട്ടാണ് ശ്രീനാഥിനെ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കോടതി റിമാന്റ് ചെയ്ത യുവാവിന് ഇന്നലെ വൈകിട്ടോടെയാണ് മലപ്പുറം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത്. ശരീരത്തിലെ പരിക്കുകളും ക്ഷീണവും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനകള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഞായറാഴ്ച പുലര്‍ച്ചെ ശ്രീനാഥിന്റെ സഹോദരനെ അന്വേഷിച്ച് വീട്ടിലെത്തിയ വാഴക്കാട് എസ്.ഐയും സംഘവും വീട്ടില്‍ അഴിഞ്ഞാടുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. സഹോദരന്‍ സ്ഥലത്തില്ലെന്ന് അറിയിച്ചിട്ടും പോലീസ് സംഘം മടങ്ങിപ്പോകാന്‍ തയ്യാറായില്ല. ശ്രീനാഥിന്റെ അമ്മയെയും പോലീസുകാര്‍ പിടിച്ചുതള്ളി. പരിക്കേറ്റ ഇവര്‍ ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് അതിക്രമത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Advertisement