മനാമ: തലസ്ഥാന നഗരമായ മനാമയില്‍ പ്രകടനം നടത്തിയ ആയിരക്കണക്കിനാളുകളെ സുരക്ഷാ സൈന്യം പിരിച്ചുവിട്ടു. മനാമയിലെ പേള്‍ സ്‌ക്വയറില്‍ തമ്പടിച്ചവരെയാണ് പോലീസ് ഒഴിപ്പിച്ചത്. പിരിഞ്ഞുപോകാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് കണ്ണീര്‍ വാതകവും ലാത്തിയും പ്രയോഗിച്ചാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ തിരിച്ചയച്ചത്.

സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി പ്രതിപക്ഷം ആരോപിക്കുന്നു. രാഷ്ട്രീയ പരിഷ്‌കാരം ആവശ്യപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവര്‍ ഇവിടെ ഒത്തുകൂടിയത്. നേരത്തെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഒരു മുന്നറിയിപ്പും കൂടാതെയാണ് സൈന്യം ജനത്തിന് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് മൈതാനത്തിലുണ്ടായിരുന്നത്. രാത്രി ആളുകള്‍ ഉറങ്ങിയിരുന്ന സമയത്താണ് സൈന്യത്തിന്റെ അക്രമം.