കോട്ടയം: സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിക്കൊപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെത്താന്‍ ശ്രമിച്ച തമിഴ് മാധ്യമപ്രവര്‍ത്തകരെ കേരള പോലീസ് തടഞ്ഞു. കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്. ഉന്നതാധികാരസമിതിയിലെ വിദഗ്ധര്‍ ഇന്നു രാവിലെ അണക്കെട്ടിലേക്കു പോകുന്നതിനു മുമ്പായിരുന്നു സംഭവം.

തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടിയാണ് തമിഴ്മാധ്യമസംഘമെത്തിയത്. സമിതി അംഗങ്ങള്‍ക്കുവേണ്ടി തയ്യാറാക്കിയിരുന്ന ബോട്ടില്‍ തമിഴ്മാധ്യമപ്രവര്‍ത്തകര്‍ കയറിയിരിക്കുകയായിരുന്നു. ബോട്ടില്‍ നിന്നും തിരിച്ചിറങ്ങാന്‍ തമിഴ്മാധ്യമസംഘം തയ്യാറാവാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ പ്രശ്‌നം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

ഉന്നതാധികാരസമിതിക്കൊപ്പം സന്ദര്‍ശനസമയത്ത്  ഇരുസംസ്ഥാനങ്ങളിലെയും മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടാവരുതെന്ന് സമിതി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇത് ലംഘിച്ചാണ് തമിഴ്മാധ്യമപ്രവര്‍ത്തകര്‍ സമിതിക്കൊപ്പം കടന്നുകൂടാന്‍ ശ്രമിച്ചത്.

അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്കയുണ്ടെന്നും കേന്ദ്രസേനയെ നിയോഗിക്കണമെന്നുമുള്ള തമിഴ്‌നാടിന്റെ ആവശ്യം നിലനില്‍ക്കെയാണ് അനുമതിയില്ലാതെ മാധ്യമപ്രവര്‍ത്തകര്‍ അണക്കെട്ടില്‍ പ്രവേശിക്കാന്‍ നീക്കം നടന്നത്.

Malayalam News

Kerala News In English