കൂടംകുളം: കൂടംകുളം സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പോലീസ് തടഞ്ഞു. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് ഇരുന്നൂറ് മീറ്റര്‍ അകലെയുള്ള കളിയിക്കാവിളയില്‍ എന്ന സ്ഥലത്ത് വെച്ചാണ് പോലീസ് മാര്‍ച്ച് തടഞ്ഞത്.

Subscribe Us:

പാറശ്ശാലയില്‍ നിന്നാരംഭിച്ച മാര്‍ച്ച് പ്രശസ്ത കവയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയാണ്  ഉദ്ഘാടനം ചെയ്തത്. സാറാ ജോസഫ്, കെ.അജിത, ബി.ആര്‍.പി ഭാസ്‌കര്‍,പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, പി.ഗോപിനാഥന്‍ നായര്‍ തുടങ്ങിയവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്.

Ads By Google

സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് മാര്‍ച്ച് തടഞ്ഞത്. സമാധാനപരമായാണ് മാര്‍ച്ച് നടന്നത്.

അതേസമയം, ആണവനിലയത്തിനെതിരെയുള്ള സമരം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഇടിന്തകരൈ കോളനിക്ക് പുറമേ ഒമ്പത് സമീപ ഗ്രാമങ്ങളിലേക്കും സമരം വ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കടല്‍ സമരത്തില്‍ ഒരാള്‍ മരിച്ചിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നത് കണ്ട് പേടിച്ച് കടലില്‍ ചാടിയാണ് മരണം സംഭവിച്ചത്. മൃതദേഹവുമായി സമരം നടക്കുന്ന ഒമ്പത് ഗ്രാമങ്ങളിലൂടെയും വിലാപയാത്ര നടത്തുമെന്ന് സമരസമിതി അറിയിച്ചു.

തിരുനെല്‍വേലി, തൂത്തുക്കുടി എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഉപവാസവും മൗനവ്രതവും തുടരുകയാണ്. ആണവനിലയത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പോലീസ് നിയന്ത്രണത്തിലാണ്.