ഹൈദരാബാദ്: വനിതാ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ തെലുങ്ക് താരം നാഗാര്‍ജുനയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു. മാധ്യമപ്രവര്‍ത്തകയായ വൈ. സുനിതാ ചൗധരിയുടെ പരാതിയെ തുടര്‍ന്നാണിത്.

Subscribe Us:

ദമരുകം സിനിമയുടെ ഷൂട്ടിങ്ങിനിടെ അന്നപൂര്‍ണ സ്റ്റുഡിയോയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാസങ്ങള്‍ക്കു മുമ്പ് നാഗാര്‍ജ്ജുനയെപറ്റി സുനിതയെഴുതിയ ലേഖനവുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടായി. നാഗാര്‍ജ്ജുന തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് സുനിത പറയുന്നത്. തന്നെ മോശമായ പദങ്ങള്‍ ഉപയോഗിച്ച് അവഹേളിച്ചുവെന്നും സുനിത പരാതിപ്പെട്ടു.

നാഗാര്‍ജുനയെ അന്വേഷക സംഘം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുമെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇന്ത്യന്‍ പീനല്‍കോഡിലെ സെക്ഷന്‍ 506, 509 പ്രകാരമാണ് നാഗാര്‍ജ്ജുനയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

തെലുങ്കിലെ മുന്‍സൂപ്പര്‍സ്റ്റാര്‍ നാഗേശ്വരറാവുവിന്റെ മകനാണ് നാഗാര്‍ജ്ജുന.