എഡിറ്റര്‍
എഡിറ്റര്‍
മോഷണക്കുറ്റം ആരോപിച്ച് മനോരോഗിയായ ദളിത് യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം; ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍
എഡിറ്റര്‍
Monday 27th February 2017 6:54pm

തിരുവനന്തപുരം: മനോരോഗിയായ ദളിത് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മോഷണക്കുറ്റം ആരോപിച്ചാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി. അയല്‍വാസി നല്‍കിയ പരാതിയിന്‍ മേലാണ് കല്ലൂര്‍ അടപ്പിനകത്ത് പണയില്‍വീട്ടില്‍ വിനോദിനെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സ്‌റ്റേഷനിലെത്തിച്ച യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മര്‍ദ്ദനത്തേ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ യുവാവിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അച്ഛന്റെ മരണാനന്തര ചടങ്ങിനുള്ള പണത്തിനായി സഹോദരിയുടെ നിര്‍ദ്ദേശപ്രകാരം മറ്റൊരു വീട്ടില്‍ രാത്രി ഒമ്പതരയോടെ പണം വാങ്ങാന്‍ പോയതായിരുന്നു യുവാവ്. ഇതിന് ശേഷമാണ് യുവാവിനെ അയല്‍വാസിയും റിട്ടറയര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുന്നത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മയ്ക്കും സഹോദരിയ്ക്കും മുന്നിലിട്ടും യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഫെബ്രുവരി 17നായിരുന്നു സംഭവം.

സംഭവത്തെ തുടര്‍ന്ന് യുവാവിനോട് 20 ന് പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റതിനാല്‍ സ്റ്റേഷനിലെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി യുവാവിനെ വലിച്ചിറക്കി കൊണ്ടു പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.


Also Read: മത്സരശേഷം ഗ്യാലറിയിലെത്തിയ ധോണി ആ സുഹൃത്തിനെ കണ്ട് അമ്പരന്നു, പിന്നെ ഓടി അരികിലെത്തി കെട്ടിപ്പിടിച്ചു; വിജയ് ഹസാരെ ട്രോഫി മത്സരത്തിനിടെ നാടകീയ സംഭവങ്ങള്‍


മകനെ കാണാനായി സ്റ്റേഷനിലെത്തിയ അമ്മയെ പൊലീസ് അപമാനിച്ചതായും സ്റ്റേഷനില്‍ നിന്നും ഇറക്കി വിട്ടതായും പരാതിയുണ്ട്. ക്രൂരമര്‍ദ്ദനത്തിന് ശേഷം പിറ്റേന്ന് രാവിലെ യുവാവിനെ വെള്ളപേപ്പറില്‍ ഒപ്പിട്ട് വാങ്ങിയതിന് ശേഷം വിട്ടയക്കുകയായിരുന്നു.

യുവാവിനെ മര്‍ദ്ദിച്ച അയല്‍വാസിയും യുവാവിന്റെ കുടുംബവും തമ്മില്‍ വസ്തു തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ യുവാവിനെ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി തെറ്റാണെന്നും മര്‍ദിച്ച അയല്‍വാസിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നുമാണ് സി.ഐ ഷാജി പറയുന്നത്.

Advertisement