തലശ്ശേരി: പോലീസും സി.പി.ഐ.എം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്ന തലശ്ശേരി ഏരിയാ കമ്മറ്റി ഓഫീസില്‍ നിന്ന് പിരിഞ്ഞ് പോകാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും ധാരണയായി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സംഭവ സ്ഥത്തെത്തി പോലീസ് ഉദ്ദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ധാരണയായത്.

നേരത്തെ കോഴിക്കോട് നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇവിടെ നടത്തിയ പ്രകടനം അക്രമാസക്തമായിരുന്നു. സംഘര്‍ഷത്തിനിടെ പോലീസിന് നേരെ കല്ലെറിഞ്ഞവര്‍ സി.പി.ഐ.എം ഓഫീസിനുള്ളില്‍ ഉണ്ടെന്ന് പറഞ്ഞ പോലീസ് ഇവരെ വിട്ട് കിട്ടാനായി ഓഫീസ് വളയുകയായിരുന്നു.

എന്നാല്‍ പോലീസിനെ ഓഫീസിനുള്ളിലേക്ക് കയറാന്‍ അനുവദിക്കില്ലെന്ന് സിപിഐഎം നേതാക്കള്‍ വ്യക്തമാക്കിയത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാക്കി. ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ പോലീസിനെ തടഞ്ഞിരുന്നു. സ്ഥലത്ത് നിരവധി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ടായിരുന്നു