എഡിറ്റര്‍
എഡിറ്റര്‍
തൃശൂരില്‍ ഭിന്നലിംഗക്കാരെ ഒരു കാരണവുമില്ലാതെ തല്ലിച്ചതച്ച് പൊലീസ്: മുറിവുമായി ആശുപത്രിയിലെത്തിയപ്പോള്‍ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍
എഡിറ്റര്‍
Saturday 18th March 2017 9:35am


തൃശൂര്‍: തൃശൂരില്‍ ഭിന്നലിംഗക്കാര്‍ക്കെതിരെ പൊലീസ് അതിക്രമം. രാത്രി വീട്ടിലേക്കു പോകാനായി ഇറങ്ങിയ ഇവരെ പൊലീസ് അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു.

രാഗരഞ്ജിനി, ദീപ്തി, അലീന എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങവെ മുമ്പില്‍ ഒരു പൊലീസ് ജീപ്പ് വന്നു നിര്‍ത്തുകയും ജീപ്പില്‍ നിന്ന് ഡ്രൈവറുള്‍പ്പെടെ പുറത്തിറങ്ങി തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.

ചൂരല്‍വടിയെടുത്തായിരുന്നു മര്‍ദ്ദനമെന്നും കൈകാലുകളിലും തുടയിലും നെഞ്ചിലുമെല്ലാം അടിച്ച് തങ്ങളെ ഓടിക്കുകയായിരുന്നു എന്നും ഇവര്‍ പറയുന്നു. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ഇവരുടെ കൈകളിലും കാലുകളിലും പൊട്ടി ചോരയൊലിക്കുന്ന നിലയിലാണ്.

മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ തങ്ങളെ അവിടെ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചെന്നും ഇവര്‍ ആരോപിക്കുന്നു. ആദ്യം ഒരു ഡോക്ടര്‍വന്ന് പരിശോധിച്ചെങ്കിലും, തൊട്ടുപിന്നാലെ മറ്റൊരു ഡോക്ടര്‍ വന്ന് ഇവരെ ഇറക്കിവിടാന്‍ ശ്രമിക്കുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ നിന്ന് പോകണമെന്ന് ഈ ഡോക്ടര്‍ ശാഠ്യം പിടിച്ചതായും ഇവരാരോപിക്കുന്നു. കൈക്കും നെഞ്ചിനുമുള്‍പ്പെടെ മുറിവേറ്റ നിലയിലുള്ള തങ്ങളെ ഇറക്കിവിടരുതെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഡോക്ടര്‍ ചെവിക്കൊണ്ടില്ലെന്നും ഇവര്‍ പറയുന്നു.


Also Read: ‘തെരഞ്ഞെടുപ്പില്‍ നൂറില്‍ 51 സീറ്റ് നേടി വിജയിക്കാന്‍ സാധിക്കും. എന്നാല്‍ മറ്റുളള 49 പേരുടെ ഹൃദയങ്ങളിലും നിങ്ങള്‍ക്ക് ജയിക്കാന്‍ കഴിയണം’; മോദിയ്‌ക്കെതിരെ വിമര്‍ശനവുമായി രാഷ്ട്രപതി 


തുടര്‍ന്ന് എല്‍.ജി.ബി.ടി ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം ഇവിടെയെത്തുകയും വിഷയത്തില്‍ ഇടപെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്. ഇവരെ ചികിത്സിക്കാന്‍ പറ്റില്ലെന്ന് ശീതളിനോടും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഏറെ തകര്‍ക്കത്തിനൊടുവിലാണ് ഡോക്ടര്‍മാര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായവരില്‍ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവരുമുണ്ടായിരുന്നു.

ഫോട്ടോ കടപ്പാട്: ശീതള്‍ ശ്യാം ഫേസ്ബുക്ക്‌

Advertisement