നാഗര്‍കോവില്‍: കൂടംകുളം ആണവനിലയത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തിനെതിരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും സമരപ്പന്തല്‍ പൊളിച്ചു നീക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിനാളുകള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടുകയും കൂടംകുളത്തേക്കുള്ള റോഡുകള്‍ കല്ലും മരങ്ങളും ഉപയോഗിച്ച് ഉപരോധിക്കുകയും ചെയ്തു.

സമരസ്ഥലത്ത് സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്നാണ് പോലീസ് ലാത്തി വീശിയത്.

Subscribe Us:

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുപ്പതോളംവരുന്ന വികലാംഗര്‍ സത്യാഗ്രഹമിരിക്കാന്‍ കഴിഞ്ഞദിവസം രാത്രി എത്തിയപ്പോള്‍ തിരുനെല്‍വേലി ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അവരെ തടയുകയും സമരപ്പന്തല്‍ പൊളിച്ചുമാറ്റുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് അയ്യായിരത്തോളം വരുന്ന തീരദേശവാസികള്‍ തടിച്ചുകൂടി റോഡ് ഉപരോധിച്ചു. ഉപരോധം ഇന്നലെയും തുടര്‍ന്നു. കൂടംകുളത്തിന് പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ സംഘര്‍ഷാവസ്ഥ നിലനില്ക്കുകയാണ്. ആണവ പദ്ധതി പ്രദേശത്തേക്ക് ശാസ്ത്രജ്ഞരെയും ജീവനക്കാരെയും കടത്തിവിടാന്‍ പ്രക്ഷോഭകര്‍ സമ്മതിക്കുന്നില്ല. സ്‌കൂളുകളും തുറക്കുന്നില്ല.