എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എസ് ഓഫീസര്‍ ചമഞ്ഞ് ഡോക്ടറില്‍ നിന്ന് 30ലക്ഷം തട്ടിയ യുവാവ് പിടിയില്‍
എഡിറ്റര്‍
Tuesday 19th June 2012 9:03am

ചങ്ങനാശേരി: ദല്‍ഹി കേഡര്‍ ഐ.പി.എസ് ഓഫിസര്‍ ചമഞ്ഞു വനിതാ ഡോക്ടറില്‍ നിന്നു 30 ലക്ഷം രൂപയും പത്തുലക്ഷം വിലവരുന്ന കാറും തട്ടിയയാള്‍ അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി പാവുമ്പ പൂങ്കുഴിതെക്കേതില്‍ വിജേഷ് കുറുപ്പാണ് (23) പിടിയിലായത്.

വനിതാ ഡോക്ടറുടെ പരാതിയെ തുടര്‍ന്ന് ചങ്ങനാശേരി സിഐ കെ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് വിജേഷ് പിടിയിലായത്. വിജേഷ് പറഞ്ഞതനുസരിച്ച് പമ്പാ ഹില്‍ടോപ്പില്‍ പരിശോധിച്ച അന്വേഷണ സംഘം ഡോക്ടറുടെ കാര്‍ കണ്ടെടുത്തിട്ടുണ്ട്.

വിജേഷിന്റെ തട്ടിപ്പിനിരയായ ഡോക്ടര്‍ ജില്ലാ പോലീസ് മേധാവി സി. രാജഗോപാലിന് പരാതി നല്‍കുകയായിരുന്നു. ഡോക്ടര്‍ പരാതിപ്പെട്ടതോടെ വിജേഷ് ഒളിവില്‍ പോയി. കൊക്കാത്തോട് വനത്തിലാണ് വിജേഷ് ഒളിച്ചു കഴിഞ്ഞത്. അവിടെ നിന്നും പിന്നീട് കുടുംബവീട്ടിലും ബന്ധുവീട്ടിലും ഒളിച്ചുതാമസിച്ചു. ഇവിടങ്ങളില്‍ പോലീസ് അന്വേഷിച്ചെത്തിയെങ്കിലും അതിന് മുമ്പ് വിജേഷ് സ്ഥലം വിട്ടിരുന്നു. പിന്നീട് തിരുവനന്തപുരം, കൊല്ലം, ഏറണാകുളം  തുടങ്ങിയ സ്ഥലങ്ങളില്‍ താമസിച്ചു. ഇതിനിടെ കൊല്ലത്ത് ഒരു വക്കീലുമായും ബന്ധപ്പെട്ടു. 15-ാം തീയതി മുതല്‍ കൊല്ലം ചവറ ടൈറ്റാനിയത്തിനു വടക്കുവശത്തുള്ള ബന്ധുവീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നു.

ഇയാളുടെ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡിന്റെ ടവര്‍ ലൊക്കേറ്റ് ചെയ്‌തെത്തിയ പൊലീസ് സംഘം ഞായറാഴ്ച വൈകിട്ട് ഇവിടം വളഞ്ഞു. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പിടിക്കപ്പെടുകയായിരുന്നു.

ജൂനിയര്‍ ശബരിനാഥ് എന്നു വിളിപ്പേരുള്ള വിജേഷ് കുറുപ്പ് ഒന്നരവര്‍ഷം കൊണ്ടാണു തട്ടിപ്പു നടത്തിയതെന്നു പൊലീസ് പറയന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു വിരമിച്ചു കൊല്ലത്തു സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുന്ന വനിതാ ന്യൂറോ സര്‍ജനു കാറും പലപ്പോഴായി 30 ലക്ഷം രൂപയുമാണു നഷ്ടമായത്. സൂര്യനാരായണ വര്‍മ എന്ന പേരിലാണ് വിജേഷ് തട്ടിപ്പ് നടത്തിയത്.

പ്ലസ്ടു കഴിഞ്ഞ്, മറൈന്‍ ഫിറ്റര്‍ കോഴ്‌സ് പാതിവഴിക്ക് ഉപേക്ഷിച്ചയാളാണ് വിജേഷ്. തിരുവിതാംകൂര്‍ രാജകുടുംബാംഗമാണെന്നു കള്ളം പറഞ്ഞാണ് ഇയാള്‍ വനിതാ ഡോക്ടറുടെ വിശ്വാസം പിടിച്ചുപറ്റിയത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണനിധി സംബന്ധിച്ചു സുപ്രീം കോടതിയില്‍ കേസ് നടത്താനാണെന്നു പറഞ്ഞാണു പണം വാങ്ങിയതത്രേ.

ചങ്ങനാശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement