കൊട്ടാരക്കര: ആര്‍.ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍ നിന്നും മോഷ്ടാവിനെ പിടികൂടി. പോലീസും നാട്ടുംകാരും ചേര്‍ന്നാണ് കവര്‍ച്ചക്കെത്തിയ മോഷ്ടാവിനെ പിടികൂടിയത്. നെടുമ്പായിക്കുളം മങ്ങാട്ട് പൊയ്ക പുതുവീട്ടില്‍ രാജേഷ് (27) ആണ് പിടിയിലായത്.

ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്. വീടിന്റെ മതില്‍ ചാടി അകത്ത് കടക്കുകയായിരുന്ന മോഷ്ടാവിനെ അടുത്തുള്ള വ്യാപാരസ്ഥാപനത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ കാണുകയായിരുന്നു. വീട്ടില്‍ നിന്നും ശബ്ദങ്ങള്‍ കൂടി കേള്‍ക്കാന്‍ തുടങ്ങിയതോടെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ സ്ഥാപന ഉടമയെ വിവരം അറിയിക്കുകയും സ്ഥാപന ഉടമ ബാലകൃഷ്ണപിളളയുടെ ബന്ധുവിനെ വിളിച്ച് പറയുകയുമായിരുന്നു. ബന്ധുവും യു.ഡി.എഫ് നേതാവുമായ ബി.ഹരികുമാര്‍ പോലീസില്‍ അറിയിച്ചു. പോലീസ് എത്തിയപ്പോഴേക്കും വീടിന്റെ മുന്‍വശത്തെ രണ്ട് കതകുകളും പൊളിച്ചിരുന്നു. പക്ഷേ മോഷ്ടാവിനെ കണ്ടെത്താനായില്ല. ഒടുവില്‍ പോര്‍ച്ചില്‍ കിടന്ന കാറിനടിയില്‍ നിന്നാണ് പതുങ്ങികിടന്ന മോഷ്ടാവിനെ പിടികൂടിയത്.

നിരവധി മോഷണക്കേസുകളില്‍ പ്രതിയായ രാജേഷിനെ ചോദ്യം ചെയ്തുവരികയാണ്. ബാലകൃഷ്ണപിള്ളയുടെ കൊട്ടാരക്കരയിലെ വസതിയായ കീഴൂട്ട് വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ബാലകൃഷ്ണപിള്ള ജയിലിലായതിനു ശേഷം സെക്യൂരിറ്റിക്കാരനും ഗണ്‍മാനും മാത്രമാണ് ഈ വീട്ടില്‍ താമസം. ഇവര്‍ രണ്ട് പേരും ഇന്നലെ വീട്ടില്‍ ഇല്ലായിരുന്നു.