എഡിറ്റര്‍
എഡിറ്റര്‍
റെയില്‍പാളത്തില്‍ ബോംബ്: സന്തോഷ് പിടിയില്‍
എഡിറ്റര്‍
Monday 27th August 2012 8:48am

കൊച്ചി: വെള്ളൂരില്‍ റെയില്‍വേ പാളത്തില്‍ ടൈംബോംബ് സ്ഥാപിച്ച കേസിലെ മുഖ്യ സൂത്രധാരനും പ്രതിയുമായ മാട്ടം സന്തോഷി(35)നെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം വെളിയനാട് നിന്നുമാണ് ഇയാളെ പിടികൂടിയത്. കേസില്‍ ഇയാള്‍ക്കുള്ള പങ്ക് വ്യക്തമായത് മുതല്‍ സന്തോഷിന്  വേണ്ടി വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു.

Ads By Google

വെളിയനാടുള്ള റബര്‍തോട്ടത്തില്‍ ഇയാള്‍ ഒളിച്ചുകഴിയുകായാണെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇവിടം പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെ റബര്‍തോട്ടത്തിന് പുറത്തേയ്ക്ക് വന്ന സന്തോഷ് പോലീസിന്റെ വലയില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സന്തോഷിന് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ബോംബ് നിര്‍മാണത്തില്‍ സന്തോഷിന് വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. പരിശീലനം ലഭിച്ചത് എവിടെനിന്നാണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ളവ വാങ്ങിയ കടയ്ക്ക് ലൈസന്‍സുണ്ടോയെന്നും പരിശോധിക്കും.

കേസിലെ പ്രതികളിലൊരാളും കെ.എസ്.ആര്‍.ടി.സിയിലെ ഡ്രൈവറുമായ വെളിയനാട് സ്വദേശി സെന്തിലിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിനിടെ, ട്രാക്കില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ ഏതെങ്കിലും വിധ്വംസക ശക്തികള്‍ക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഏറണാകുളം കലക്ട്രേറ്റില്‍ സ്‌ഫോടനം നടന്നപ്പോള്‍ കണ്ടെത്തിയ ബോംബിന്റെ നിര്‍മാണ രീതിയും റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ ബോംബിന്റെ നിര്‍മാണ രീതിയും സമാനമായിരുന്നുവെന്നതും കൂടുതല്‍ അന്വേഷിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നു.

മാരക പ്രഹരശേഷിയില്ലെങ്കിലും ഒന്നിലേറെപ്പേരുടെ ജീവന്‍ അപഹരിക്കാന്‍ ശക്തിയുള്ളതായിരുന്നു ഇരു ബോംബുകളും.

Advertisement