പനാജി: മയക്കുമരുന്ന് കൈവശം വെച്ചെന്ന പരാതിയില്‍ നോര്‍ത്ത് ഗോവ ബീച്ച് കഫേയുടെ ഉടമകള്‍ അറസ്റ്റില്‍. പൊലീസ് നടത്തിയ റെയ്ഡില്‍ കഫേയിലെ ജീവനക്കാരുടെ കൈയില്‍ നിന്നും കഫേയിലെത്തിയ വിനോദസഞ്ചാരികളില്‍ നിന്നും മയക്കുമരുന്ന് പിടിച്ചെടുക്കുകയായിരുന്നു.

ഇന്നലെയാണ് പൊലീസ് ഇവിടെ റെയ്ഡ് നടത്തിയത്. ഇതേ ദിവസം തന്നെയായിരുന്നു മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗത്തില്‍ ഗണ്യമായ വര്‍ധനവ് വരുന്നുണ്ടെന്നും ഇതിന് തടയിടണമെന്നും ആഹ്വാനം ചെയ്തത്.


Dont Miss ശ്രീലങ്കയിപ്പോള്‍ മോശം അവസ്ഥയിലാണ്, നിങ്ങള്‍ ഏകദിനത്തിനായി ക്ഷമയോടെ കാത്തിരിക്കൂ; ആരാധകരോട് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ഉപുല്‍ തരംഗ


കര്‍ലീസ് കഫേ ഉടമയായ എഡ്വിന്‍ ന്യൂന്‍സ്, ക്ലബ് നൈക്‌സ് ഉടമ റോഹന്‍ ഷെട്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് നോര്‍ത്ത് ഗോവ പൊലീസ് സൂപ്രണ്ട് ചന്ദന്‍ ചൗധരി പറഞ്ഞു. പനാജിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള അന്‍ജുന ബീച്ച് വില്ലേജിലാണ് രണ്ട് കഫേകളും സ്ഥതിചെയ്യുന്നത്.

ഹോട്ടല്‍ ജീവനക്കാരനേയും ബംഗളൂരുവില്‍ നിന്നെത്തിയ മൂന്ന് വിനോദസഞ്ചാരികളേയും കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ലേറ്റ് നൈറ്റ് പാര്‍ട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാപകമായ രീതിയില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നെന്ന പരാതിയെ തുടര്‍ന്നായിരുന്നു നൈറ്റ് പാര്‍ട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

അടുത്തിടെ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച രണ്ട് പേര്‍ ഇവിടെ മരണപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് നിയമം കര്‍ശനമാക്കിയത്.