തിരുവനന്തപുരം: കൊലക്കേസില്‍ അറസ്റ്റ് ചെയ്യേണ്ട പ്രതിക്ക് പോലീസ് സംരക്ഷണം നല്‍കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. നിയമസഭയ്ക്ക് പുറത്തെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.കെ ബഷീര്‍ എം.എല്‍.എയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് സംരക്ഷിക്കുന്നത്. എം.എല്‍.എ ഹോസ്റ്റലിലും പി.കെ.ബഷീര്‍ എം.എല്‍.എയ്ക്ക് പോലീസ് സംരക്ഷണം ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

കൊലക്കേസില്‍ പ്രതിയായ ഒരാള്‍ക്കാണ് ഇത്രയും സംരക്ഷണം സര്‍ക്കാര്‍ നല്‍കുന്നത്. സര്‍ക്കാരിന്റെ പല പ്രവര്‍ത്തനങ്ങളും നിയമവിരുദ്ധമാകുന്നുണ്ട്- കോടിയേരി കുറ്റപ്പെടുത്തി.

ഒരു വര്‍ഷംകൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തെ ബിഹാര്‍ പോലെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പോലെയും ആക്കി. മുസ്‌ലിം ലീഗ് എം.എല്‍.എ ആയതിനാലാണ് പി.കെ ബഷീറിനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത്.

മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ എന്ത് കുറ്റകൃത്യം ചെയ്താലും സര്‍ക്കാര്‍ അവരെ പിടികൂടില്ല. സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ലീഗ് ഇതിലൊക്കെ ഇടപെടുന്നത്. ലീഗിന് വിധേയമായി ഭരിക്കേണ്ട അവസ്ഥയിലാണ് സര്‍ക്കാരെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.