സംസ്ഥാന പോലീസിലെ ക്രിമനല്‍ ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്ത് വരരുതെന്ന് ആര്‍ക്കാണ് നിര്‍ബന്ധം. ക്രിമനല്‍ ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരം വ്യക്തമാക്കിക്കൊണ്ട് മുന്‍ ഡി.ജി.പി സിബി മാത്യൂസ് നല്‍കിയ റിപ്പോര്‍ട്ട് പുറം ലോകം അറിഞ്ഞാല്‍ ആരുടെ മുഖം മൂടികളാണ് അഴിഞ്ഞു വീഴുക?. പോലീസ് തലത്തില്‍ ശുദ്ധീകരണത്തിന് തുടക്കമിടുന്ന തരത്തിലുള്ള തന്ത്രപ്രധാന പ്രധാന റിപ്പോര്‍ട്ട് സര്‍ക്കാര്‍ മാസങ്ങളായി പൂഴ്ത്തിയിരിക്കയാണ്.

റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ പ്രതിപക്ഷ എം.എല്‍.എ ജോസഫ്.എം പുതുശ്ശേരി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയെങ്കിലും വിവരങ്ങള്‍ ലഭ്യമായില്ലെന്നാണ് ഏറെ അപകടകരം. ഗുണ്ടകളുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ ആവശ്യപ്പെട്ടാണ് പുതുശ്ശേരി അപേക്ഷ നല്‍കിയത്. ഇതേക്കുറിച്ച് അന്വേഷിച്ച ഡി.ജി.പി. സിബി മാത്യൂസിന്റെ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പേരുകളാണ് പുതുശ്ശേരി ചോദിച്ചത്.

എന്നാല്‍ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ പേരുകള്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ മറുപടി. അപ്പീല്‍ നല്‍കിയെങ്കിലും അതും തള്ളി. ഇതെ തുടര്‍ന്ന് സര്‍ക്കാര്‍ നടപടിക്കെതിരെ പുതുശ്ശേരി വിവരാവകാശ കമ്മീഷനം സമീപിക്കുകയായിരുന്നു. എന്നാല്‍ കമ്മീഷന്‍ നടപടി തികച്ചും പ്രതിലോമപരമായിരുന്നു.

പോലീസിനുവേണ്ടി ഐ.ജി. ഡാന്‍ഷര്‍ സാഹിബ്, എ.ഐ.ജി. എസ്. വിജയന്‍ എന്നിവര്‍ കമ്മീഷന് മുമ്പാകെ ഹാജരായി. ക്രമസമാധാനവും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളടങ്ങിയ റിപ്പോര്‍ട്ടായതിനാല്‍ പ്രസിദ്ധപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ റിപ്പോര്‍ട്ട് മുഴുവനായി ചോദിച്ചിട്ടില്ലെന്നും ഗുണ്ടാബന്ധമുള്ള ഉദ്യോഗസ്ഥരുടെ പട്ടികയാണ് ആവശ്യപ്പെട്ടതെന്നും പുതുശ്ശേരി വാദിച്ചു. എന്നാല്‍ കമ്മീഷന്‍ പോലീസ് വാദം അംഗീകരിച്ചുകൊണ്ട് ഉത്തരവിടുകയായിരുന്നു.

ജനങ്ങളുടെ മനുഷ്യാവകാശത്തെക്കാള്‍ പോലീസിലെ ക്രിമിനലുകളുടെ മനുഷ്യാവകാശത്തിന് പ്രാമുഖ്യം കൊടുക്കുന്ന സര്‍ക്കാറിന്റെയും വിവരാവകാശ കമ്മീഷന്റെയും നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരനായ ജോസഫ് എം പുതുശ്ശേരിയുടെ തീരുമാനം

വിവരാവകാശ നിയമങ്ങള്‍ക്കെതിര്

പോലീസിലെ ക്രിമനല്‍ ബന്ധമുള്ളവരുടെ ലിസ്റ്റ് മനുഷ്യാവകാശത്തിന്റെ പേരില്‍ ലഭ്യമാക്കാതിരുന്ന നടപടി വിവരാവകാശ നിയമങ്ങള്‍ക്കെതിരാണെന്ന് പ്രമുഖ ആക്ടിവിസ്റ്റും വിവരാവകാശ നിയമപ്രവര്‍ത്തകനുമായ അഡ്വ. ബിനു വ്യക്തമാക്കി. രാജ്യസുരക്ഷ, ആണുശക്തിയുമായി ബന്ധപ്പെട്ടുള്ളവ തുടങ്ങിയ അതീവ സുരക്ഷാ വിഷയങ്ങളാണ് വിവരാവകാശ നിയമത്തിന് പുറത്തുള്ളത്. ഇത് അത്തരത്തിലുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.