എഡിറ്റര്‍
എഡിറ്റര്‍
ആറാം പ്രതി പുറത്ത്, 38ാം പ്രതി അറസ്റ്റില്‍: പി.കെ ബഷീറിനും പി. ജയരാജനും ഇരട്ടനീതി
എഡിറ്റര്‍
Friday 3rd August 2012 10:40am

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന ആരോപണത്തിന് ശക്തിയേറുന്നു. പി. ജയരാജനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ഘട്ടത്തില്‍ തന്നെ സി.പി.ഐ.എം ഉയര്‍ത്തിയ ഈ ആരോപണത്തിന് ബലം പകരുന്ന തരത്തിലുള്ളതായിരുന്നു തുടര്‍ന്നിങ്ങോട്ടുണ്ടായ പോലീസ് നടപടികള്‍.

Ads By Google

അരിയിലെ മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 118 വകുപ്പു പ്രകാരമാണ് പോലീസ് ജയരാജനെതിരെ കേസെടുത്തിരിക്കുന്നത്.  കേസില്‍ 38ാം പ്രതിയാണ് ജയരാജന്‍. കൊലപാതകം സംബന്ധിച്ച് അറിയാമായിരുന്നിട്ടും തടഞ്ഞില്ല എന്ന കുറ്റമാണ്  ജയരാജന് മേല്‍ ചുമത്തിയിരിക്കുന്നത്. രാഷ്ട്രീയ കൊലപാതക ചരിത്രത്തില്‍ ഇത്തരം വകുപ്പ് ചേര്‍ത്ത് ഒരു പ്രമുഖ നേതാവിനെ പ്രതിയാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.

പി. ജയരാജനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് സമാനമായ അല്ലെങ്കില്‍ കുറേക്കൂടി ഗുരുതരമായ ആരോപണങ്ങളാണ് മലപ്പുറത്തെ അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ ഏറനാട്ടെ ലീഗ് എം.എല്‍.എയായ പി.കെ ബഷീറിനെതിരെയുമുള്ളത്. കുനിയില്‍ ഇരട്ടക്കൊലക്കേസിലെ ആറാം പ്രതിയാണ് ബഷീര്‍. എന്നാല്‍ കേസില്‍ പ്രതിചേര്‍ക്കുകയല്ലാതെ ബഷീറിനെ ചോദ്യം ചെയ്യുകയോ കേസില്‍ എന്തെങ്കിലും തുടര്‍ നടപടികളെടുക്കുകയോ ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച ചോദ്യങ്ങളില്‍ സര്‍ക്കാര്‍ തുടരുന്ന മൗനം ഗൂഢാലോചനയെന്ന സംശയത്തിന് ബലമേകുന്നതാണ്.

ബഷീറിന് പുറമേ അടുത്തിടെ കണ്ണൂര്‍ എം.പി കെ. സുധാകരനെതിരെ അദ്ദേഹത്തിന്റെ മുന്‍ സഹായിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുണ്ടായിട്ടും അദ്ദേഹത്തിനെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല. ആ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രാഥമിക അന്വേഷണം പോലും നടത്താതെ അത്  തള്ളിക്കളയുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ സാഹചര്യത്തില്‍ പി. ജയരാജനെതിരായ കേസിന്റെ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന ആഭ്യന്തരമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ വാദം വിശ്വസിക്കാന്‍ പ്രയാസമാണ്.

കേസില്‍ ജയരാജനെതിരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ശക്തമായ നീക്കമുണ്ടെന്ന്  തെളിയിക്കുന്നതാണ് കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം കൂടിയായ ആളെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച നടപടി. ദുര്‍ബലമായ വകുപ്പില്‍ അറസ്റ്റിലായ ജയരാജന്റെ ജാമ്യ ഹരജിയെ കോടതിയില്‍ എതിര്‍ത്തതും സി.പി.ഐ.എമ്മിന്റെ ആരോപണങ്ങളെ ബലപ്പെടുത്തുന്നുണ്ട്. ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലാവുന്ന ആദ്യത്തെ ആളല്ല ജയരാജന്‍. ഇതുവരെ 37 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ഘട്ടങ്ങളിലൊന്നും സി.കെ ശ്രീധരനെ കോടതിയിലെത്തിച്ചിരുന്നില്ല. ഇത്തരം കേസുകളില്‍ സാധാരണ വിചാരണ നടക്കുന്ന സെഷന്‍സ് കോടതിയില്‍ മാത്രമേ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ സാന്നിധ്യമുണ്ടായിരിക്കൂ. ഈ സാഹചര്യത്തില്‍ ജാമ്യ ഹരജിയെ എതിര്‍ത്ത് സി.കെ ശ്രീധരന്‍ കോടതിയിലെത്തുന്നതില്‍ ദുരൂഹതയുണ്ട്.

പ്രതിയെ കോടതിയില്‍ ഹാജരാക്കുന്ന വേളയിലും ആവശ്യമെങ്കില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഇടപെടാമെന്ന മുംബൈ ഹൈക്കോടതിയുടെ വിധിയും കഴിഞ്ഞ മാസം 27ന് തന്നെ ശ്രീധരനെ ഈ കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചുവെന്ന വാദവുമാണ്  മറുപക്ഷത്തുള്ളത്.

ഷുക്കൂര്‍ വധക്കേസിന്റെ അന്വേഷണത്തിന്റെ തുടക്കം മുതല്‍ ഇങ്ങോട്ടുള്ള പല നീക്കങ്ങളും ഈ ഗൂഢാലോചനാ ആരോപണത്തിന് ആക്കം കൂട്ടുന്നതാണ്. എങ്ങനെയെങ്കിലും ജയരാജനെ കുടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള അന്വേഷണമാണ് നടന്നതെന്ന് പറഞ്ഞാല്‍ തെറ്റ്പറയാനാവില്ല. കേസില്‍ മൂന്ന് തവണയാണ് ജയരാജനെ ചോദ്യം ചെയ്തത്. അതും മണിക്കൂറുകളോളം. എന്തെങ്കിലും തെളിവിന്  വേണ്ടിയായിരുന്നു പോലീസിന്റെ നിരന്തരമായ ചോദ്യം ചെയ്യല്‍ എന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങിയത്.  ഇതാണ് സി.പി.ഐ.എമ്മിന്റെ പ്രതിരോധത്തിന്  കരുത്തു പകരുന്നതും.

ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നിട്ടും തടഞ്ഞില്ല എന്ന കുറ്റം ചുമത്തി പ്രതിപ്പട്ടികയില്‍ ജയരാജന്റെ പേരും ഉള്‍പ്പെടുത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന്  കഴിയുമായിരുന്നിട്ടും സി.ഐ. ഓഫീസില്‍ വിളിച്ചു വരുത്തിയുള്ള അറസ്റ്റിന് പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയെന്ന ലക്ഷ്യമുണ്ടായിരുന്നോയെന്ന് സംശയിക്കാവുന്നതാണ്. ഇങ്ങനെ നോക്കുമ്പോള്‍ കഴിഞ്ഞദിവസത്തെ ഹര്‍ത്താലിന്റെയും അതിന്റെ ഭാഗമായുണ്ടായ അക്രമപ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്വത്തില്‍ നിന്ന് ആഭ്യന്തര വകുപ്പിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.

Advertisement