കൊച്ചി: സംസ്ഥാനത്തെ മണല്‍ മാഫിയയെ ഇല്ലാതാക്കാന്‍ പോലീസ് ശക്തമായ നടപടിക്ക് ഒരുങ്ങുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സജീവമായ മണല്‍ മാഫിയാ സംഘത്തെക്കുറിച്ച് എല്ലാ വിശദാംശങ്ങളും വിവരങ്ങളും ശേഖരിച്ച് നല്‍കാനാണ് ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.

Ads By Google

കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ ദേബേഷ്‌കുമാര്‍ ബഹ്‌റയെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്നാണ് മണല്‍മാഫിയയ്‌ക്കെതിരെയുള്ള നീക്കം ശക്തമാക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.

മണല്‍ മാഫിയാ സംഘങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയെന്നും സര്‍ക്കാരിന്റെ ഒത്താശയോടെയാണ് മണല്‍ മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നുമുള്ള ആരോപണങ്ങള്‍ നിരന്തരം വന്നിരുന്നു.

ഓരോ ജില്ലയിലും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് മണല്‍വേട്ടയ്ക്കായി രൂപീകരിക്കാനാണ് ആലോചിക്കുന്നത്. മണല്‍മാഫിയാ ബന്ധമുള്ളവരെപ്പറ്റി ശേഖരിക്കുന്ന വിവരങ്ങള്‍ എല്ലാ ജില്ലാ പോലീസ് ആസ്ഥാനത്തും തിരുവനന്തപുരത്തെ കേന്ദ്ര ആസ്ഥാനത്തും സൂക്ഷിക്കും.

അംഗീകൃതവും അല്ലാത്തതുമായ കടവുകള്‍, എല്ലാത്തരം മണല്‍ഖനനവുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്നവര്‍, കടവുകളുടെ വിശദാംശങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മഴക്കാലം കഴിയുന്നതോടെ മണലൂറ്റ് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് മണല്‍ മാഫിയ. റവന്യൂ വകുപ്പിന്  നിലവില്‍ മണല്‍കടത്ത് തടയാന്‍ സ്‌ക്വാഡുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനം ഒട്ടും ഫലപ്രദമല്ല. മണല്‍വേട്ടയ്ക്ക് മാത്രമായി സ്‌ക്വാഡ് രൂപികരിച്ചാവും പ്രവര്‍ത്തനം.

രാഷ്ട്രീയക്കാരുടെ സഹായത്തോടെ മണല്‍മാഫിയ സൃഷ്ടിക്കുന്ന അക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഏറിവരികയാണ്. സര്‍ക്കാരിന് കിട്ടേണ്ട റവന്യൂ വരുമാനം ഇല്ലാതാക്കി വന്‍തോതില്‍ മണല്‍ കള്ളക്കടത്ത് നടന്നിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു സര്‍ക്കാര്‍.