എഡിറ്റര്‍
എഡിറ്റര്‍
ചെങ്ങറ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഭൂമാഫിയ; ചെറുവള്ളി എസ്റ്റേറ്റ് സമരക്കാര്‍ക്കെതിരെ കള്ളക്കേസ്, ക്രൂര മര്‍ദ്ദനം
എഡിറ്റര്‍
Thursday 3rd May 2012 3:35pm

പത്തനംതിട്ട: ഹാരിസണ്‍ കെപിയോഹനാന് വിറ്റ സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍ കെട്ടി സമരം നടത്തിയ ഭൂരഹിതര്‍ക്കെതിരെ കള്ളകേസും ക്രൂരമര്‍ദ്ദനവും. കഴിഞ്ഞ ദിവസം ചെറുവള്ളി എസ്റ്റേറ്റില്‍ കുടിലുകള്‍ കെട്ടി സമരം ആരംഭിക്കുന്നതിനിടെ അറസ്റ്റുചെയ്ത് റിമാന്റിലായ ഭൂസമരക്കാര്‍ക്ക് ജാമ്യം ലഭിക്കാത്ത കേസുകളില്‍ കുടുക്കിയത്  കെപി യോഹനാന്റെ സമ്മര്‍ദ്ദം മുലമാണെന്നാണ് ആരോപണം. സ്ത്രീകളും കുട്ടികളുമുള്‍പ്പൈട അമ്പത്തെട്ടോളം പെരെയാണ് വിവിധ കേസുകള്‍ ചുമത്തി ജയിലിലടച്ചിരിക്കുന്നത്.

സ്ത്രീകളെ വിയ്യൂര്‍ ജയിലിലും മറ്റുളളവരെ കാഞ്ഞിരപ്പിള്ളി ജയിലിലുമാണ് റിമാന്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ വീണ്ടും പുതിയ കേസുകള്‍ ചുമത്താനാണ് പോലീസ് നീക്കം. ഇനിയാരും ചെറുവള്ളി എസ്റ്റേറ്റില്‍ സമരവുമായി എത്തരുതെന്ന ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്. ഭൂമസമരം നടന്നാല്‍ സര്‍ക്കാര്‍ ഭൂമി കോടികള്‍ക്ക് കൈമാറിയ അഴിമതി കഥകള്‍ പുറത്ത് വരുമെന്ന് ഭീതിയും എസ്റ്റേറ്റ് ഇപ്പോള്‍ കൈവശം വച്ചവര്‍ക്കും വില്‍പ്പന നടത്തിയ ഹാരിസണ്‍ മാനേജ്‌മെന്റിനുമുണ്ട്.

ഭൂസമരക്കാര്‍ക്ക് മര്‍ദ്ദനമേറ്റതിന്റെ തെളിവുകള്‍ ഏറെയുണ്ടായിട്ടും അത് മുഖവിലക്കെടുക്കാനോ കേസെടുക്കാനോ പോലിസ് തയ്യാറായിട്ടില്ല. തൊഴിലാളികള്‍ തങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായാണ് സമരക്കാരെ നേരിട്ടത്. സംഘടിത തൊഴിലാളി ശക്തിക്ക് മുമ്പില്‍ ഭൂസമരക്കാര്‍ക്ക് കീഴടങ്ങുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. കുടിലുകള്‍ കെട്ടാന്‍ തുടങ്ങിയപ്പോള്‍ തന്നെ പൊളിച്ചെറിയപ്പെട്ടു. പ്രാണരക്ഷാര്‍ഥം ഓടിയ സമരക്കാരെ ഓടിച്ചിട്ട് പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

എന്നാല്‍ സമരക്കാര്‍ തൊഴിലാളികളെ പരിക്കേല്‍പ്പിച്ചെന്നും എസ്റ്റേറ്റ് മാനേജരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്ന കുറ്റങ്ങള്‍ ചുമത്തിയത് എസ്റ്റേറ്റ് അധികൃതര്‍ പോലിസില്‍ ചെലുത്തിയ സ്വാധീനം കാരണമാണ്. കേസിനുവേണ്ടി ഏഴു തൊഴിലാളികളെ ആശുപത്രിയിലാക്കിയത് എസ്റ്റേറ്റ് അധികൃതരുടെ നിര്‍ബന്ധം കാരണമാണെന്നും പറയപ്പെടുന്നു. സമരത്തിന് നേതൃത്വം നല്‍കിയ ശെല്‍വരാജ് തട്ടിപ്പുകാരനാണെന്ന് വ്യക്തമായ തെളിവുകളില്ലാതെ പോലിസ് പറയുന്നത് കേസില്‍ കുടുക്കാനുള്ള പുകമറ മാത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. നിര്‍ധന കുടുംബങ്ങളില്‍പ്പെട്ട ദലിതരാണ് സമരക്കാരായി എത്തിയത്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും മറ്റുമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഇവരാരും സമരക്കാരായി എത്തില്ലായിരുന്നു.

സ്വന്തമായി ഭൂമിയും കിടപ്പാടവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍ധനരായ ഇവര്‍ ശെല്‍വരാജിന്റെ നേതൃത്വത്തില്‍ സമരത്തിനൊരുങ്ങിയത്. ചെങ്ങറയില്‍ സമരം നടത്തിയവര്‍ക്ക് ഭൂമി ലഭിച്ചതു പോലെ ചെറുവള്ളിയില്‍ സമരം നടത്തിയാല്‍ ഭൂമി ലഭിക്കുമെന്ന പ്രതീക്ഷയാണ് സമരത്തിന് കളമൊരുക്കിയത്. ചെങ്ങറയിലേതു പോലെയാണ് ചെറുവള്ളി എസ്റ്റേറ്റിന്റെ സ്ഥിതിയും. ഹാരിസണ്‍ കമ്പനി പാട്ടത്തിനെടുത്ത ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റ്. 2005ല്‍  കെ പി യോഹന്നാന്‍ മൂവായിരത്തിലധികം ഏക്കര്‍ വരുന്ന എസ്റ്റേറ്റ് വാങ്ങിയത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ തന്നെ കണ്ടെത്തി. ആധാരത്തിലെ തണ്ടപ്പേര് നീക്കി പോക്കുവരവ് റദ്ദുചെയ്തത് ഇതേ തുടര്‍ന്നായിരുന്നു. സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ സങ്കീര്‍ണമായ നിയമ പ്രശ്‌നങ്ങളില്‍ കുടുങ്ങി ഇപ്പോഴും കോടതിയിലാണ്.

എന്നാല്‍ സര്‍ക്കാരിന്റെ ഉടമസ്ഥാവകാശം കോടതി തടഞ്ഞിട്ടില്ല. കെ പി യോഹന്നാനോട് എസ്റ്റേറ്റ് വിട്ടുകൊടുത്ത് ഒഴിയണമെന്ന് നിര്‍ദേശിച്ചിട്ടില്ല. ഈ സഹചര്യത്തില്‍ എസ്റ്റേറ്റില്‍ കൈയേറ്റ സമരങ്ങളുണ്ടാവുന്നതില്‍ അതിശയോക്തിയില്ല. കേരളത്തിലെ ഭൂരഹിതരായ ആയിരകണക്കിന് പേര്‍ തെരുവിലയുമ്പോഴാണ് സര്‍ക്കാരിന്റെ ഏക്കര്‍ കണക്കിന് ഭൂമി കെ.പി യേഹനാനെ പോലുള്ളവര്‍ കയ്യടക്കി വച്ചിരിക്കുന്നത്.

Malayalam News

Kerala News in English

Advertisement