കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദീഖിന് ‘പൊക്കുടന്‍ പുരസ്‌കാരം’ നല്‍കിയതിനെതിരെ പൊക്കുടന്റെ മകനും കുടുംബാംഗങ്ങളും. അനുവാദമില്ലാതെയാണ് പുരസ്‌ക്കാരത്തിന് അച്ഛന്റെ പേരിട്ടതെന്നും അദ്ദേഹത്തിന്റെ സംഭാവനകളെ വേണ്ടത്ര മൂല്യബോധത്തോടെ വിലയിരുത്താന്‍ പ്രാപ്തിയില്ലാത്തവരാണ് പുരസ്‌കാരം നല്‍കുന്നതെന്നും കല്ലേന്‍ പൊക്കുടന്റെ മകന്‍ ആനന്ദന്‍ പറഞ്ഞു.

സിദ്ദീഖിന് അവാര്‍ഡ് നല്‍കുന്ന ചടങ്ങിലേക്ക് അതിഥിയായി ജവഹര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ സ്റ്റഡീസ് ഭാരവാഹി തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ ക്ഷണം നിരസിക്കുകയും അവാര്‍ഡിന് അച്ഛന്റെ പേര് നല്‍കരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നെ ചടങ്ങിലേക്ക് വിശിഷ്ടാതിഥിയായി കൊണ്ടുപോയി അതിന്റെ ആധികാരികത ഉറപ്പ് വരുത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പിന്നെ വിളിക്കാമെന്ന് പറഞ്ഞ് അയാള്‍ ഫോണ്‍കട്ട് ചെയ്യുകയായിരുന്നുവെന്നും ആനന്ദന്‍ പറഞ്ഞു.


Read more:  ‘ഞാന്‍ തൊഴില്‍ അന്വേഷിച്ചിരുന്നെങ്കില്‍ താങ്കള്‍ ആ സ്ഥാനത്ത് എത്തില്ലായിരുന്നു’; അരുണ്‍ ജെയ്റ്റ്‌ലിയുടെ പരിഹാസത്തിന് ചുട്ട മറുപടിയുമായി യശ്വന്ത് സിന്‍ഹ


അഭിപ്രായം എന്നോട് ചോദിച്ച സ്ഥിതിക്ക് എന്റെ അഭിപ്രായത്തിന് മറുപടി പറയാനുള്ള മര്യാദ അവര്‍ക്കുണ്ടാകേണ്ടതായിരുന്നു. ഈ സംഭവം തന്നെ അച്ഛന്റെ പേരില്‍ ഒരു പുരസ്‌കാരത്തിന്റെ ദാതാവാകാന്‍ ആസ്ഥാപനത്തിന് ആവില്ല എന്നതിന്റെ തെളിവാണെന്നും ആനന്ദന്‍ പറഞ്ഞു.

കോഴിക്കോട് ഡി.സി.സി പ്രസിഡന്റായ സിദ്ദീഖിന് അവാര്‍ഡ് നല്‍കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതുവരെ ഒരു മരത്തൈ പോലും നട്ടിട്ടില്ലാത്ത സിദ്ദീഖ് എന്ത് പരിസ്ഥിതി പ്രവര്‍ത്തനമാണ് നടത്തിയിട്ടുള്ളതെന്നും ചോദ്യങ്ങളുയരുന്നുണ്ട്.

കോണ്‍ഗ്രസ് അനുകൂല സംഘടനയായ ജവഹര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ സ്റ്റഡീസ് ആണ് സിദ്ദീഖിന് പുരസ്‌കാരം നല്‍കിയത്. സെപ്റ്റംബര്‍ 28ന് വ്യാഴാഴ്ച കോഴിക്കോട് അളകാപുരിയില്‍ വെച്ചായിരുന്നു പുരസ്‌കാര സമര്‍പ്പണം.