തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന മത്സ്യത്തില്‍ മാരകവിഷം. രാസപദാര്‍ത്ഥങ്ങളും ഫോര്‍മാലിനുള്‍പ്പെടെയുള്ള മാരക ബാക്ടീരിയയും കണ്ടെത്തി.

Ads By Google

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയും ഭക്ഷ്യസുരക്ഷാവകുപ്പും നടത്തിയ പരിശോധനയിലാണ് മത്സ്യത്തില്‍ വിഷാംശം അടങ്ങിയിരിക്കുന്നെന്ന് വ്യക്തമായത്.

തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ പ്രധാന മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്നു ശേഖരിച്ച മത്സ്യങ്ങളുടെ പരിശോധനാ ഫലങ്ങളിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍.

അയല, മത്തി, ചൂര തുടങ്ങിയ മീനുകളിലാണ് വിഷ പദാര്‍ഥങ്ങളുടെ സാന്നിധ്യമുള്ളത്. അമോണിയ, ഫോര്‍മാലിന്‍, ഹിസ്റ്റമിന്‍ തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ മത്സ്യങ്ങളില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നെന്ന് വ്യക്തമായി.

ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നതാണ് ഇവയെല്ലാം. എറണാകുളം ജില്ലയിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച് പരിശോധിച്ച മത്സ്യങ്ങളില്‍ ലെഡ് ഉള്‍പ്പെടെയുള്ള ലോഹങ്ങളുടെ അളവ് വന്‍തോതിലുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തിക്കുന്ന മത്സ്യങ്ങള്‍ക്ക് പുതുമ തോന്നിക്കാനും ചീഞ്ഞ് പോകാതിരിക്കാനുമാണ് അമോണിയയും ഫോര്‍മാലിനും കലര്‍ത്തുന്നത്.

മാരക രാസപദാര്‍ഥമായ ഫോര്‍മാലിന്‍ അര്‍ബുദമുണ്ടാക്കുന്ന വസ്തുക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് രാജ്യാന്തര അര്‍ബുദ ഗവേഷണ ഏജന്‍സിപ്പെടുത്തിയിരിക്കുന്നത്.

വിഷപദാര്‍ത്ഥങ്ങളും മാലിന്യവും കടലിലേക്ക് വലിച്ചെറിയുന്നതും മത്സ്യങ്ങളിലേക്ക് വിഷമെത്താന്‍ കാരണമാകുന്നു. ഒപ്പം അന്യസംസ്ഥാനങ്ങളില്‍ നിന്നു രാസവസ്തുക്കള്‍ കലര്‍ത്തിയ മീനെത്തുന്നതും ആരോഗ്യത്തിന് ഭീഷണിയാകുന്നുണ്ട്.