തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്ന ഭക്ഷ്യവസതുക്കളില്‍ മായം കലര്‍ത്തുന്നത് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നു. ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ ഉത്തരവാദികളായവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും പത്ത് ലക്ഷം രൂപ പിഴയും നല്‍കുന്നതുള്‍പ്പെടെ കര്‍ശന നടപടികള്‍ക്കാണ് ഒരുങ്ങുന്നത്.

ഇതു സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ച് കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ചാണ് നടപടികള്‍ സ്വീകരിക്കുന്നത്.

ഇതോടൊപ്പം പരിശോധനകളില്‍ പിഴവ് വരുത്തുന്ന ഫുഡ് സേഫ്റ്റി ഓഫീസര്‍മാരില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാനും ശുപാര്‍ശയുണ്ട്. എന്നാല്‍ പരിശോധനാ ഓഫീസര്‍മാര്‍ക്കെതിരെയുള്ള പരാതികള്‍ വ്യാജമാണെന്ന് ബോധ്യമായാല്‍ പരാതി ഉന്നയിച്ചവരില്‍ നിന്ന് അര ലക്ഷം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കും. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

നടപടികളുടെ ആദ്യഘട്ടമായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്ന ഓരോ ഭക്ഷ്യ ഉത്പ്പന്നവും പരിശോധിക്കുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ ചെക്ക്‌പോസ്റ്റുകളിലും മൊബൈല്‍ ലാബുകള്‍ സ്ഥാപിക്കും. മൂന്ന് വര്‍ഷത്തിനകം ഇത് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഭക്ഷ്യവസ്തുക്കളുടെ നിലവാരം പരിശോധിക്കാന്‍ സംസ്ഥാനത്ത് മൂന്ന് പരിശോധനാകേന്ദ്രങ്ങള്‍ മാത്രമാണ് ഉള്ളത്.